നായകന്‍ തിരക്കഥയില്‍ ഇടപെടരുതെന്നു വ്യവസ്ഥ വേണം, നടീനടന്‍മാരുടെ പ്രതിഫലം തുല്യമാക്കണം; ഹേമ കമ്മിറ്റി ശുപാര്‍ശകള്‍


തിരുവനന്തപുരം: സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ നിലവിലുള്ള നിയമ ങ്ങള്‍ പോരെന്നു ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിര്‍ദേശം. നടിമാരടക്കമുള്ള സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണവും മറ്റ് പീഡനങ്ങളും സിനിമയുമായി ബന്ധപ്പെട്ട പല നിയമങ്ങളുടേയും പരിധിയില്‍ വരുന്നില്ല. തൊഴിലിടത്തെ ലൈംഗിക പീഡനം തടയാ നുള്ള പോഷ് നിയമത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ലൈംഗിക ചൂഷണം അടക്കമുള്ള അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക നിയമം നിര്‍ബന്ധമാക്കണമെന്നാണ് ജസ്റ്റിസ് ഹേമയുടെ ഒന്നാമത്തെ ശുപാര്‍ശ. ഈ നിയമ ത്തിന് ദ കേരള സിനി എംപ്ലോയേഴ്‌സ് ആന്റ് എംപ്ലോയീസ്( റഗുലേഷന്‍) ആക്ട് 2020 എന്ന പേരും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്തെ പരാതികള്‍ പരി ഗണിക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണം. ട്രയല്‍ സൈഡില്‍ കുറഞ്ഞത് 5 വര്‍ഷം പ്രവൃത്തി പരിചയമുള്ള വിരമിച്ച ജില്ലാ ജഡ്ജിയാകണം ട്രൈബ്യൂണല്‍. ട്രൈബ്യൂ ണലിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ മാത്രമേ അവസരം നല്‍കാവൂ. രഹസ്യവിചാരണയായിരിക്കണം.

എല്ലാ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുമായും നിര്‍മാതാവ് കരാറില്‍ ഒപ്പു വെക്കണം. നായകന്‍ തിരക്കഥയിലും സംഭാഷണത്തിലും ഇടപെടരുതെന്ന് കരാറില്‍ വ്യവസ്ഥ വെക്കണം. ജൂനിയര്‍ ആര്‍ടിസ്റ്റിന് മിനിമം വേതനം നിശ്ചയിക്കണം. അതും ബാങ്ക് വഴി നല്‍കണം. ഒരേ അധ്വാനം, കഴിവ്, ഊര്‍ജം, സമയം എന്നിവ ചെലവിടുന്ന നടീനടന്‍മാര്‍ക്ക് ഒരേ അനുഭവ പരിചയം ഉള്ളവരാണെങ്കില്‍ പ്രതിഫലത്തില്‍ തുല്യത വേണം. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് കഴിവും അനുഭവ സമ്പത്തും കണക്കിലെടുത്ത് പ്രതിഫലം നിശ്ചയിക്കണം.

ലൊക്കേഷനില്‍ കുറ്റകൃത്യം സംഭവിച്ചാല്‍ പൊലീസില്‍ അറിയിക്കണം. സിനിമാ മേഖലയിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കണം. സിനിമയിലെ തീരുമാനമെടുക്കുന്ന സമിതികളില്‍ 50 ശതമാനവും സത്രീകളായിരിക്കണം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച വനിതാ നിര്‍മാതാവ്, സംവിധായിക ക്യാമറ വുമണ്‍, വനിതാ കഥാ- തിരക്കഥാ കൃത്ത് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തണം. കുടുംബശ്രീ മാതൃകയിലുള്ള വനിതാ കൂട്ടായ്മകള്‍ കെട്ടിപ്പടുക്കണം. പ്രസവം, കുട്ടികളുടെ പരിപാലനം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ മൂലം തൊഴിലില്‍ നിന്ന് മാറി നില്‍ക്കുന്ന സ്ത്രീകളെ സംരക്ഷിക്കാന്‍ ക്ഷേമ നിധി ഏര്‍പ്പെടുത്തണം.

സമൂഹ മാധ്യമങ്ങളിലും മറ്റും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പരസ്യങ്ങളും പോസ്റ്ററുകളും ഇടുന്നത് തടയണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത പൊഡ്യൂസര്‍ ഒഴികെ ആര്‍ക്കും സിനിമ ഓഡിഷനുകള്‍ക്കായി പരസ്യം നല്‍കാനോ ആളുകളെ ക്ഷണിക്കാനോ അനുമതി നല്‍കരുത്. സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളെ പ്രത്യേക കേന്ദ്രങ്ങളിലേയ്ക്ക് ചെല്ലാന്‍ നിര്‍ബന്ധി ക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് വിലക്കണം. സിനിമയിലുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ താമസമോ സുരക്ഷിതമല്ലാത്ത രീതിയിലുള്ള യാത്രാ ഏര്‍പ്പാടുകളോ പാടില്ല

ഷൂട്ടിങ് സെറ്റില്‍ മദ്യമോ ലഹരിമരുന്നോ സൂക്ഷിക്കാന്‍ ആരെയും അനുവദിക്കരുത്. ഇത്തരം പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ബഹളം വയ്ക്കുകയോ സ്ത്രീകളെ ശല്യം ചെയ്യുകയോ ചെയ്യുന്നതും തടയണം. സ്ത്രീകളായ സിനിമാ പ്രവര്‍ത്തകരോട് അശ്ലീലമോ ദ്വയാര്‍ഥമുള്ളതോ അവരെ അപമാനിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ നടത്തുന്നത് വിലക്കണം.

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കിടക്കപങ്കിടാന്‍ ക്ഷണിച്ചുകൊണ്ട് അവഹേളിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കണം. സിനിമയില്‍ സ്വന്തം ശരീരം പ്രകടമാക്കുന്നതിനും ലിപ്ലോക്ക് പോലുള്ള രംഗങ്ങളില്‍ അഭിനയിക്കുന്നതിനും പരിധി നിര്‍ദേശിച്ച് സ്ത്രീകളായ നടിമാര്‍ കരാര്‍ വ്യവസ്ഥ ആവശ്യപ്പെട്ടാല്‍ അത് ഒരു പ്രൊഡ്യൂസറും നിഷേധിക്കാന്‍ പാടില്ലെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു.

ഹെയര്‍സ്‌റ്റൈലിസ്റ്റ്, മെയ്ക്കപ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ പ്രായപരിധിയുടെ പേരുപറഞ്ഞോ യൂണിയന്റെ മെമ്പര്‍ഷിപ് കാര്‍ഡ് ഇല്ലെന്ന പേരിലോ ജോലിയില്‍ നിന്ന് വിലക്കരുത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളടക്കമുള്ള സ്ത്രീകള്‍ക്ക് ടോയ്‌ലറ്റുകള്‍, വസ്ത്രം മാറാനുള്ള മുറികള്‍, ഭക്ഷണം, വെള്ളം എന്നിവ സെറ്റുകളില്‍ ഉറപ്പാക്കേണ്ടത് പ്രൊഡ്യൂസറുടെ ചുമതലയാണ്.

ഇത്തരം സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ ഇ-ടോയ്‌ലറ്റുകള്‍, കാരവനുകള്‍ തുടങ്ങിയവ ഏര്‍പ്പാടാക്കണം. തന്റെ സിനിമയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ താമസസൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്തം പ്രൊഡ്യൂസര്‍ക്കായിരി ക്കണം. ക്രിമിനല്‍ പശ്ചാത്തലമോ സമാനമായ മറ്റേതെങ്കിലും കുഴപ്പങ്ങളോ ഉള്ളയാളു കളെ സ്ത്രീകളായ സിനിമാപ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഓടിക്കാന്‍ നിയോഗിക്കരുത്.


Read Previous

മൊഴികള്‍ സര്‍ക്കാരിന് മുന്നിലില്ല, എഫ്‌ഐആര്‍ ഇടാന്‍ നിയമതടസ്സങ്ങളുണ്ട്: എ കെ ബാലന്‍

Read Next

ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട, പരാതിപ്പെട്ടാല്‍ ആക്ഷന്‍ എടുക്കുന്നതാണ് എന്റെ സ്വഭാവം’: മന്ത്രി ഗണേശ് കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »