ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിക്ക് പ്രതിശ്രുത വരനും നഷ്ടമായി, ശ്രുതി തനിച്ചായി; അപകടത്തിൽ പരിക്കേറ്റ ജെൻസൻ മരിച്ചു 


വയനാട് വെള്ളാരംകുന്നിൽ ഓമ്നി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൻ മരിച്ചു. വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ.

അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ​ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂക്കിൽ നിന്നും തലയോട്ടിയുടെ പുറത്തും അകത്തുമായി രക്തസ്രാവം ഉണ്ടായിരുന്നു. സാധ്യമായ തെല്ലാം ഡോക്ടർമാർ ചെയ്തുവെങ്കിലും ആ ജീവൻ നിലനിർത്താൻ ആർക്കും സാധിച്ചില്ല.

ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനുസമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റത്. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ശ്രുതിക്ക് കാലിന് ചെറിയ പരിക്കേറ്റിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കേറ്റിരുന്നില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു.

ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ജെൻസനും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് വരികയായിരുന്ന ബസുമാണ്‌ കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വാനിൽ കുടുങ്ങിയവരെ കല്പറ്റയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് വാൻ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റിരുന്നു. ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനേയും ലാവണ്യയ്ക്ക് നഷ്ടമായി രുന്നു. ചൂരൽമലയിലെ സ്കൂൾ റോഡിലായിരുന്നു ശ്രുതിയുടെ വീട്. അച്ഛൻ ശിവണ്ണനെയും അമ്മ സബിതയെയും അനിയത്തി ശ്രേയയെയും ഉരുൾപൊട്ടലിൽ നഷ്ടമായി. കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാലാണ് അന്ന് ശ്രുതി ജീവനോടെ രക്ഷപ്പെടുന്നത്. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസനും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം.


Read Previous

16,780-ലധികം എപ്പിസോഡുകള്‍, തുടങ്ങിയിട്ട് 57വര്‍ഷം, ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ടിവി ഷോ

Read Next

മലേഷ്യയെ ഒന്നിനെതിരെ എട്ട് ഗോളിന് തകര്‍ത്ത് ഹോക്കി ഇന്ത്യ: ഹാട്രിക്കടിച്ച് രാജ് കുമാര്‍ പാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »