ആരോപണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ള സ്വര്‍ണക്കടത്തുകാരെ പിടികൂടിയത്; അന്‍വറിന് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി


തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോച നയുണ്ടെന്നും എഡിജിപി പ്രത്യകേ അന്വേഷണ സംഘത്തലവനായ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും എംആര്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടി എടുത്തതിനാലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം അജിത് കുമാര്‍ നിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞ് ആരോപണം ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് എടുക്കണമന്നും ആവശ്യപ്പെട്ടു.

പൊലീസ് ആസ്ഥാനത്തു നാലുമണിക്കൂറോളം നീണ്ട മൊഴിയെടുപ്പില്‍ അന്വേഷണ സംഘാംഗമായ ഐജി ജി സ്പര്‍ജന്‍ കുമാറും രണ്ട് എസ്പിമാരും ഉണ്ടായിരുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വറില്‍ നിന്നും തൃശൂര്‍ ഡിഐജി കഴിഞ്ഞ ദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് വിശദമായി പരിശോധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മേധാവി എഡിജിപിയില്‍ നിന്ന് മൊഴിയെടുത്തത്.

താന്‍ നല്‍കിയ കത്തിലെ വിഷയങ്ങള്‍ പരിശോധനക്ക് വിധേയമാക്കണമെന്നും അജിത് കുമാര്‍ മൊഴിയില്‍ ആവശ്യപ്പെട്ടു. എഡിജിപിയില്‍ നിന്ന് ഐജി സ്പര്‍ജന്‍ കുമാര്‍ മൊഴിയെടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കീഴുദ്യോഗസ്ഥന്‍ മൊഴി രേഖപ്പെടുത്തുന്നതിനെതിരെ അജിത് കുമാര്‍ പൊലീസ് മേധാവിക്ക് കത്തുനല്‍കിയിരുന്നു. മൊഴി രേഖപ്പെടുത്തുമ്പോള്‍ വീഡിയോ ചിത്രീകരണം വേണമെന്നും മറ്റ് ഉദ്യോഗസ്ഥര്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കല്‍ വീഡിയോയില്‍ ചിത്രീകരിച്ചു. അന്വേഷണസംഘത്തില്‍പ്പെട്ട ഡിഐജി ഒഴികെയുള്ളവര്‍ പൊലീസ് മേധാവിയുടെ ഓഫീസില്‍ ഉണ്ടായിരുന്നു.


Read Previous

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: സെമി ഉറപ്പിച്ച് ഇന്ത്യ, കൊറിയയെ 3-1ന് കീഴടക്കി; ഹര്‍മന്‍ പ്രീതിന് ഇരുനൂറാം ഗോള്‍

Read Next

നിയമസഭ കയ്യാങ്കളി: കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »