
ന്യൂഡൽഹി: കെജ്രിവാളിന്റെ രാജി പ്രഖ്യാപനം രാഷ്ട്രീയ നാടകവും സഹതാപം പിടിച്ച് പറ്റാനുള്ള ശ്രമവുമെന്ന് ബിജെപി. രണ്ട് ദിവസത്തിന് ശേഷം രാജിവെക്കുമെന്ന ഡൽഹി മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുറകെയാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ‘കെജ്രിവാൾ രാഷ്ട്രീയ കരുനീക്കത്തിൽ അഗ്രഗണ്യനാണ്. അല്ലെങ്കിൽ ജയിലിൽ കിടന്ന 6 മാസത്തിനുള്ളിൽ രാജി വെക്കേണ്ടതായിരുന്നുവെന്ന്’ ബിജെപി നേതാവ് ഷാസിയ ഇൽമി പറഞ്ഞു.
സെക്രട്ടേറിയറ്റിൽ പോകരുതെന്നും ഫയലിൽ ഒപ്പിടരുതെന്നും കോടതി വിലക്കിയ ഒരാൾ മുഖ്യമന്ത്രി പദത്തിലിരിക്കുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് ബിജെപി നേതാവ് ഹരീഷ് ഖുറാന ചോദിച്ചു. കെജ്രിവാൾ വിചാരണ നേരിടുന്ന ഒരു മുഖ്യമന്ത്രി യാണ്, മറിച്ച് കുറ്റവിമുക്തനല്ലെന്നും ഖുറാന പറഞ്ഞു. കെജ്രിവാളിന്റെ രാജി പ്രഖ്യാപ നത്തെ വിമർശിച്ച് ബിജെപി നേതാവ് യോഗേന്ദർ ചന്ദോളിയയും രംഗത്തെത്തി.
അതേസമയം ഡൽഹി മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് എഎപി ദേശീയ വക്താവ് പ്രിയങ്ക കക്കർ രംഗത്ത് വന്നു. രാജിപ്രഖ്യാപനത്തിലൂടെ കെജ്രിവാൾ സത്യസന്ധതയുടെ പുതിയ മാനദണ്ഡം സ്ഥാപിച്ചെന്ന് പ്രിയങ്ക കക്കർ പ്രതികരിച്ചു.
ഡൽഹിയിലെ പൊതുജനങ്ങൾ താൻ സത്യസന്ധനാണെന്ന് പ്രഖ്യാപിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ലെന്ന് പറഞ്ഞായിരുന്നു കെജ്രിവാളിന്റെ രാജി പ്രഖ്യാപനം. അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാൻ 2-3 ദിവസത്തിനുള്ളിൽ യോഗം ചേരുമെന്നാണ് വിവരം. 2025 ൻ്റെ തുടക്കത്തിൽ ഡൽഹിയിൽ നിയമസഭാ തിരഞ്ഞെ ടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.