ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്, ചൈനയെ 1-0ന് തകര്‍ത്തു


മോക്കി (ചൈന): തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ സ്വന്തമാക്കി. ഫെെനല്‍ പോരാട്ടത്തില്‍ ചൈനയെ 1-0ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ആക്രമണോത്സുക മത്സരത്തിൽ ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യൻ ടീം ആതിഥേയരായ ചൈനയുടെ ആദ്യ കിരീടമെന്ന സ്വപ്‌നം തകർത്തു. 51-ാം മിനിറ്റില്‍ ഇന്ത്യയുടെ ജുഗ്‌രാജ് സിങ്ങാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. ഇന്ത്യൻ ഹോക്കി ടീം അഞ്ചാം തവണയാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കുന്നത്.

ടൂർണമെന്‍റിൽ മികച്ച പ്രകടനം നടത്തി അഞ്ച് മത്സരങ്ങളും വിജയിച്ച് കിരീടപ്പോരാട്ട ത്തിനെത്തിയ ഇന്ത്യൻ ടീമിന് അവസാന മത്സരത്തില്‍ വേഗമേറിയ തുടക്കമായിരുന്നു. ചൈനയ്‌ക്കെതിരെ അതിശക്തമായ ആക്രമണങ്ങൾ നടത്തുകയും അതിവേഗം പല നീക്കങ്ങളും നടത്തുകയും ചെയ്‌തു. എന്നാല്‍ ചൈനയുടെ മതിൽ തുളച്ചുകയറുന്ന തിൽ ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടു.

പകുതി സമയം വരെ ഇന്ത്യക്ക് 5 പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഒന്ന് പോലും ഗോൾ പോസ്റ്റിൽ എത്തിക്കാനായില്ല. പകുതി സമയം വരെ സ്‌കോർ 0-0 ആയി തുടർന്നു. മൂന്നാം പാദത്തിൽ ഇരു ടീമുകളും ഗോളുകൾ നേടാൻ പരമാവധി ശ്രമിച്ചു. എന്നാൽ ഒരു ടീമിനും ഗോൾ നേടാനായില്ല. ഗോൾ നേടാത്തതിന്‍റെ സമ്മർദം ഇന്ത്യൻ താരങ്ങളില്‍ കാണാനിടയായി. ചൈനീസ് ഗോൾകീപ്പര്‍ മിന്നുന്ന പ്രകടനം നടത്തുകയും നിരവധി മികച്ച സേവുകൾ നടത്തുകയും ചെയ്‌തു.

പിന്നീട് 51-ാം മിനിറ്റിൽ ഉജ്ജ്വല ഫീൽഡ് ഗോളിലൂടെ സ്റ്റാർ പ്ലെയർ ജുഗ്‌രാജ് സിങ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നു. അവസാന നിമിഷം വരെ സമനില പിടിക്കാൻ ചൈനീസ് താരങ്ങൾ പരമാവധി ശ്രമിച്ചു. എന്നാൽ, മത്സരം 1-0ന് ജയിച്ച് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി.


Read Previous

വയനാട് ദുരന്തം: ‘ഇത് ശവക്കുഴിക്ക് പോലും വില പറയും കാലം, സര്‍ക്കാരിന്‍റെ എസ്റ്റിമേറ്റ് കണക്ക് മനുഷ്യത്വ രഹിതം’: തിരുവഞ്ചൂര്‍

Read Next

അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന്‌ സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയാണെന്ന്‌ കള്ളക്കഥ പ്രചരിപ്പിക്കുന്നു: എല്‍ ഡി എഫ് കണ്‍വീനര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »