ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലുടെ ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഋഷഭ് പന്ത്. 124 പന്തിൽ 100 റൺസ് നേടി ബംഗ്ലാദേശ് താരങ്ങളുടെ നടുവൊടിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. 2022 ലെ റോഡപകടത്തിന് ശേഷമുള്ള ഋഷഭ് പന്തിന്‍റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണിത്. വെള്ള ജഴ്‌സിയണിഞ്ഞ തന്‍റെ ആദ്യ മത്സരത്തിൽ തന്നെ ബംഗ്ലാദേശ് ബൗളർമാരെ തകർത്ത പന്ത് 124 പന്തിൽ 4 സിക്‌സറുകളും 11 ഫോറുകളും സഹിതം സെഞ്ച്വറി തികച്ചു.109 റണ്‍സെടുത്ത ശേഷം താരം പുറത്തായി.

മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്‌സിൽ 52 പന്തിൽ 39 റൺസെടുത്ത പന്ത് പുറത്തായിരുന്നു. മിർപൂരിൽ ബംഗ്ലാദേശിനെതിരെയാണ് പന്ത് തന്‍റെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. 634 ദിവസങ്ങൾക്ക് ശേഷം പന്ത് അന്താരാഷ്ട്ര ടെസ്റ്റിൽ തിരിച്ചെത്തി സെഞ്ച്വറി നേടി തന്‍റെ ബാറ്റിങ് മികവ് തെളിയിച്ചു.
2022 ന് ശേഷം ഒന്നര വർഷത്തോളം താരത്തിന് ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഐപിഎല്ലിൽ കളിക്കുകയും ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടുകയുമായിരുന്നു താരം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ദുലീപ് ട്രോഫിയിൽ പന്ത് അർധസെഞ്ച്വറി നേടിയിരുന്നു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിൽ നിലവിൽ ഇന്ത്യൻ ടീം ശക്തമായ നിലയിലാണ് 450 ലധികം റൺസിന്‍റെ ലീഡുമായാണ് ഇന്ത്യയുടെ മുന്നേറ്റം. ആദ്യ ഇന്നിംഗ്‌സിൽ ആർ അശ്വിൻ സെഞ്ച്വറി നേടിയപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ പന്തും ശുഭ്‌മാൻ ഗില്ലും സെഞ്ച്വറി നേടി. 161 പന്തിൽ 3 സിക്‌സറും 9 ബൗണ്ടറിയും സഹിതമാണ് ഗിൽ സെഞ്ച്വറി നേടിയത്.