20ാമത് ജി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം സമാപിച്ചു


ദോഹ: വ്യോമയാന മേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ജി.സി.സി രാജ്യങ്ങളുടെ സഹകരണത്തോടെ ഗള്‍ഫ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥാപിക്കുന്നത് പ്രധാന ചര്‍ച്ച വിഷയമായി 20ാമത് ജി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം സമാപിച്ചു.

പുതിയകാലത്ത് വ്യോമയാന മേഖലയിലെ വിവിധ വെല്ലുവിളികള്‍ സജീവമാകുമ്പോള്‍ ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അധ്യക്ഷത വഹിച്ച ഖത്തര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആക്ടിങ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ ഫാലിഹ് അല്‍ ഹാജിരി വ്യക്തമാക്കി.

വ്യോമ ഗതാഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണത്തിനും സംവിധാനങ്ങള്‍ ഒരു കുടക്കീഴിലേക്ക് എത്തിക്കുന്നതിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് അല്‍ ഹാജിരി യോഗത്തില്‍ വിശദീകരിച്ചു.

ജി.സി.സി രാജ്യങ്ങള്‍ക്കുള്ളിലെ വ്യോമയാന മേഖലയിലെ സാമ്പത്തിക വൈവിധ്യ വത്കരണത്തിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ സുസ്ഥിരവും സാമ്പത്തികവുമായ വളര്‍ച്ച കൈവരിക്കുന്നതിനുള്ള അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സിവില്‍ ഏവിയേഷന്‍ മേഖലയെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ നായിഫ് അലി അല്‍ അബ്രി യോഗത്തില്‍ വ്യക്തമാക്കി.

ഗള്‍ഫ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത കുവൈത്ത് ഡി.ജി.സി.എ മേധാവി ശൈഖ് ഹമൂദ് മുബാറക്കും വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളില്‍ ആവശ്യമായ ഫീസ് അടച്ചിട്ടില്ലാത്ത വിദേശ എയര്‍ലൈനുകള്‍ക്കായി കരിമ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പ്രാദേശിക രാഷ്ട്രീയ സംഭവവികാസങ്ങളും സംഘര്‍ഷങ്ങളും വ്യോമയാന മേഖലക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായും യോഗം ചൂണ്ടിക്കാട്ടി.

സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിലേക്കുള്ള ഇസ്രായേല്‍ ആക്രമണവും, ഇറാന്റെ ഇസ്രായേലിനെതിരായ ഡ്രോണ്‍, മിസൈല്‍ ആക്രമണവും സൃഷ്ടിച്ച അരക്ഷിതാ വസ്ഥയില്‍ വിവിധ സര്‍വിസുകള്‍ തടസ്സപ്പെട്ടത് യോഗം ചൂണ്ടിക്കാട്ടി. ഇറാനിലെ തെഹ്റാന്‍, മഷ്ഹദ്, ഷിറാസ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസു കള്‍ ഖത്തര്‍ എയര്‍വേസ് ഇടക്കാലത്ത് നിര്‍ത്തിയിരുന്നു.

ഗള്‍ഫ് വ്യോയമാന സുരക്ഷ ഏറെ മുന്‍ഗണന നല്‍കേണ്ട വിഷയമാണെന്നും ഖത്തറിനെ പ്രതിനിധീകരിച്ച് അല്‍ ഹാജിരി അഭിപ്രായപ്പെട്ടു. മേഖലയിലെ വിമാനത്താവളങ്ങളിലെത്തുന്ന വിദേശ വിമാനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിന് സഹായിക്കുന്ന ഏകീകൃത നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചാവിഷയമായി.


Read Previous

മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും

Read Next

കേളി സീതാറാം യെച്ചൂരി അനുശോചനം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »