ശ്രീലങ്ക ചുവന്നു; അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്, നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേ ക്ക് തള്ളിയാണ് അനുര കുമാര മുന്നേറ്റം നടത്തിയത്


കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേ ക്ക് തള്ളിയാണ് അനുര കുമാര മുന്നേറ്റം നടത്തിയത്. പ്രസിഡന്റ് പദത്തില്‍ അനുര കുമാര വിജയിച്ചതായി ശ്രീലങ്കയുടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.

നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര. 42.31 ശതമാനം വോട്ട് സ്വന്തമാക്കിയാണ് ഇടത് നേതാവ് വിജയം പിടിച്ചത്. ശ്രീലങ്കയുടെ ഒന്‍പതാമത്തെ പ്രസിഡന്റാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. തിങ്കളാഴ്ച പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും.

ആദ്യത്തെ റൗണ്ട് വോട്ടെണ്ണലില്‍ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) നേതാവ് അനുര കുമാരയ്ക്ക് 42. 3 ശതമാനം വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സമാഗി ജന ബലവേഗയയുടെ (എസ്ജെബി) നേതാവും മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനുമായ സജിത് പ്രേമദാസയ്ക്ക് 33 ശതമാനം വോട്ടുകൾ നേടി. അതേസമയം റെനില്‍ വിക്രമസിംഗെയ്ക്ക് 17 ശതമാനം വോട്ടുകള്‍ മാത്രമേ പിടിക്കാനായുള്ളൂ. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മൂത്തമകൻ നമല്‍ രാജപക്‌സെ 2.5 ശതമാനം വോട്ടാണ് നേടിയത്.

എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെയാണ് വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്. ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് കടക്കുന്നത്. ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് ഒരു സ്ഥാനാര്‍ഥിക്ക് 50 ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ നേടാനായില്ലെങ്കിലാണ് രണ്ടാം റൗണ്ടിലേക്ക് വോട്ടെടുപ്പ് കടക്കേണ്ടത്. രണ്ട് മുന്‍നിര സ്ഥാനാര്‍ഥികള്‍ മാത്രമേ രണ്ടാം റൗണ്ടില്‍ ഉണ്ടാകുകയുള്ളൂ.


Read Previous

പൊലീസ് ഉദ്യോ​ഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Read Next

മുഖ്യമന്ത്രിക്കൊപ്പമല്ല, ഇനി ‍ജനങ്ങൾക്കൊപ്പം: കവർ ചിത്രം മാറ്റി പി വി അൻവർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »