ബലാത്സംഗകേസില്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ഇല്ല, ഹര്‍ജി ഹൈക്കോടതി തള്ളി സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍, അറസ്റ്റിന് നീക്കം; പൊലീസ് സംഘം കൊച്ചിയിലേക്ക്


കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. സിദ്ദിഖ് വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. അതേസമയം സിദ്ദിഖ് എവിടെ എന്നതില്‍ വ്യക്തതയില്ല. അദ്ദേഹത്തിന്റെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നാണ് പൊലീസ് പറയുന്നത്. കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശേരിയിലെ വീട്ടിലും സിദ്ദിഖ് ഇല്ല. കുട്ടമശേരിയിലെ വീട് പൂട്ടിയ നിലയിലാണ്.

അതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സങ്ങള്‍ ഒന്നുമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശം നല്‍കി. സുപ്രീംകോടതി തീരുമാനം വരെ കാത്തിരിക്കേണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യാനും ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷ് നിര്‍ദേശം നല്‍കിയതാണ് വിവരം

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് രാവിലെയാണ് തള്ളിയത്. തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ള തെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

നടനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവ നടിയാണ് പരാതി നല്‍കിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററില്‍ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.


Read Previous

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തില്‍ കുതിച്ച് ബിജെപി; ഫെയ്‌സ്ബുക്കില്‍ പിന്തുടരുന്നത് 10 ലക്ഷം പേര്‍; സിപിഎം, കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍

Read Next

മെക്7 റിയാദ് ഹെല്‍ത്ത്‌ ക്ലബ്‌, സൗദി ദേശീയദിനം പുതുമകളോടെ പരേഡ് നടത്തിയും, രക്തദാനം നല്‍കിയും ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »