
റിയാദ്: ഹജ്, ഉംറ സേവനങ്ങൾക്കായുള്ള താൽക്കാലിക തൊഴിൽ വിസയിൽ എത്തുന്ന വർ വിസ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകുമെന്ന് സൗദി സർക്കാർ അറിയിച്ചു. വിസ ദുരുപയോഗം ചെയ്യുന്നവർക്ക് പരമാവധി 50,000 റിയാൽ പിഴ അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് തൊഴിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്ക് അല്ലെങ്കിൽ രണ്ടും ഒരുമിച്ച് നൽകും. റജിസ്റ്റർ ചെയ്ത വിലാസം, ഡാറ്റ അല്ലെ ങ്കിൽ സമർപ്പിച്ച രേഖകൾ തെറ്റാണെന്ന് തെളിയിക്കുകയാണെങ്കിൽ പരമാവധി 15,000 റിയാൽ പിഴ ഈടാക്കും.
ലംഘകൻ നേടിയ വരുമാനത്തിന് തുല്യമായ തുക നൽകേണ്ടി വരും. ലംഘനങ്ങളുടെ എണ്ണം അനുസരിച്ച് പിഴ വ്യത്യാസപ്പെടുമെന്നും സർക്കാർ അറിയിച്ചു. തൊഴിൽ വിപണിയെ കൂടുതൽ ആകർഷകമാക്കുകയും തൊഴിൽ വിപണിയുടെ ആവശ്യകത കൾക്കനുസരിച്ച് താൽക്കാലിക വിസകൾ ഉപയോഗിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് ഉയർന്ന സൗകര്യമൊരുക്കുമെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
താൽക്കാലിക തൊഴിൽ വിസയിലെത്തുന്നവർക്ക് രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 90 ദിവസം വരെ താമസിക്കാം. വീസ 90 ദിവസത്തേക്ക് കൂടി നീട്ടാൻ ഹജ്, ഉംറ മന്ത്രാലയത്തിന് അവകാശമുണ്ട്, ഈ കാലയളവ് അവസാനിക്കുന്നതിന് മുൻപ് ഉടമ രാജ്യം വിടണം. താൽക്കാലിക തൊഴിൽ വിസയിലെത്തുന്നവർക്ക് ഹജ് നിർവഹി ക്കാൻ അർഹതയില്ല.