ആരിഫ് മുഹമ്മദ് ഖാന് പുതിയ പദവി നല്‍കും, അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണര്‍ ആയേക്കും; റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കുമെന്ന് റിപ്പോര്‍ട്ട്. നാവികസേന മുന്‍ മേധാവിയാണ് ദേവേന്ദ്ര കുമാര്‍. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണ്. ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തി യാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരിഫ് മുഹമ്മദ് ഖാന് പുറമെ, ഗവര്‍ണര്‍മാരായ മനോജ് സിന്‍ഹ, പി എസ് ശ്രീധരന്‍ പിള്ള, തവര്‍ ചന്ദ് ഗെഹലോട്ട്, ബന്ദാരു ദത്താത്രേയ, ആനന്ദി ബെന്‍ പട്ടേല്‍ എന്നിവ ര്‍ക്കും മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവി യില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയ മനോജ് സിന്‍ഹയ്ക്ക് പകരം ആര്‍എസ്എസ് നേതാവും ബിജെപി മുന്‍ ജനറല്‍ സെക്രട്ടറിയുമായ രാം മാധവ് പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറായേക്കുമെന്നാണ് സൂചന.

കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹലോട്ട്, ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ ഗവര്‍ണര്‍ പദവിയില്‍ മൂന്നുവര്‍ഷം പിന്നിട്ടു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ഗവര്‍ണര്‍ പദവിയില്‍ അഞ്ചുവര്‍ഷവും പിന്നിട്ടിരിക്കുകയാണ്. പി എസ് ശ്രീധരന്‍പിള്ളയെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് ഗവര്‍ണറായി മാറ്റി നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി നേതാക്കളായ അശ്വിനി ചൗബേ, വി കെ സിങ്, മുക്താര്‍ അബ്ബാസ് നഖ് വി എന്നിവരെ ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

ഇന്ത്യന്‍ നാവിക സേനയുടെ 21-മത് മേധാവിയായിരുന്നു അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി. 2012 ഓഗസ്റ്റ് 31 മുതല്‍ 2014 ഫെബ്രുവരി 26 വരെ നാവികസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചു. ഐഎന്‍എസ് സിന്ധുരത്‌നയിലേത് അടക്കം തുടര്‍ച്ചയായുണ്ടായ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി നാവിക സേനാ മേധാവി സ്ഥാനം രാജിവെക്കുകയായിരുന്നു.

ഇത്തരത്തില്‍ നാവികസേനാ മേധാവി പദം രാജിവെക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ദേവേന്ദ്ര കുമാര്‍ ജോഷി. ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാ ക്കിയ ദേവേന്ദ്ര കുമാര്‍ ജോഷി 1974 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യന്‍ നേവിയില്‍ ചേരുന്നത്. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍, നൗ സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


Read Previous

സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം- സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ക്യാമ്പയിൻ ദേശിയതല ഉദ്ഘാടനം നാളെ

Read Next

പി ശശിക്ക് ബിനാമി പേരുകളില്‍ കേരളത്തില്‍ നിരവധി പെട്രോള്‍ പമ്പുകള്‍, പി പി ദിവ്യ വെറുതെ വന്ന് ഡയലോഗ് അടിച്ചതല്ല’: ആരോപണവുമായി പി വി അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »