
റിയാദ്: മലയാളി പ്രവാസികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഇവിടെ വരുന്ന മാറ്റങ്ങള്‍ എപ്പോഴും മലയാളി നിരീക്ഷിക്കാറുണ്ട്. സമീപ കാലത്തായി ജോലി സാധ്യതകളും ബ്രഹ്മാണ്ഡ പദ്ധതികളും എണ്ണം കൂടി വരികയാണ് സൗദിയില്‍. ഒരു ഭാഗത്ത് സ്വദേശിവല്‍ക്കരണം നടപ്പാക്കുമ്പോള്‍ തന്നെ, ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞത് സൗദി അറേബ്യയുടെ ബൃഹദ് പദ്ധതികളില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ക്രൂഡ് ബാരല്‍ വില 96 ഡോളര്‍ എങ്കിലും എത്തണം എന്നാണ് സൗദിയുടെ നിലപാട്. ഇതിന് വേണ്ടി ഒപെക് രാജ്യങ്ങളെ സൗദി പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ ബാരല്‍ വില 74 ഡോളറാണ്. അതിനിടെയാണ് സൗദി ഇലക്ട്രിക് ജെറ്റ് വാങ്ങുന്നത്.ര്‍ക്ക് ജോലി സാധ്യതകളും സൗദി തുറന്നിടുന്നു.
സൗദി അറേബ്യയുടെ വിമാന കമ്പനിയായ സൗദിയ ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. വിമാനത്താവളമില്ലാത്ത സ്ഥലങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്നതാണ് ലക്ഷ്യം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ പലവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ യാത്രാ അനുഭവം സമ്മാനിക്കലും ഇലക്ട്രിക് ജെറ്റ് വാങ്ങുന്നതിന് പിന്നിലെ ലക്ഷ്യമാണ്.
ജര്‍മനിയിലെ ലിലിയം എന്ന കമ്പനിയില്‍ നിന്നാണ് സൗദി അറേബ്യ ഇലക്ട്രിക് ജെറ്റുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കമ്പനിക്ക് സൗദിയുടെ പുതിയ ഇടപാട് ആശ്വാസമാണ്. എന്നാല്‍ എത്ര തുകയുടെ ഇടപാടാണ് നടക്കുന്നത് എന്ന് സൗദി അറേബ്യയോ ലിലിയം കമ്പനിയോ പരസ്യപ്പെടു ത്തിയിട്ടില്ല. അതേസമയം, എന്തിനാണ് ഇലക്ട്രിക് ജെറ്റ് വാങ്ങുന്നതെന്ന് സൗദിയ പ്രതിനിധി വിശദീകരിച്ചു.
ജിദ്ദ വിമാനത്താവളത്തിലെത്തുന്ന വിദേശികള്‍ക്കും മറ്റും മക്കയിലേക്ക് എത്താനുള്ള അതിവേഗ സൗകര്യം ഒരുക്കുക എന്നതാണ് ഒരു ലക്ഷ്യം. മറ്റൊന്ന് സൗദിയിലെ വിവിധ മേഖലകളിലുള്ള റിസോര്‍ട്ടുകളിലേക്ക് ആളുകള്‍ക്ക് എത്താനും ഇലക്ട്രിക് ജെറ്റ് ഉപയോഗിക്കുമെന്ന് സൗദിയ വിമാന കമ്പനിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം മാനേജര്‍ റസാന്‍ ശാക്കിര്‍ പറഞ്ഞു.
വിമാനത്താവളങ്ങള്‍ ഇല്ലാത്ത നഗരങ്ങളിലേക്കും മറ്റുമാണ് ഇലക്ട്രിക് ജെറ്റ് പ്രധാനമായും ഉപയോഗിക്കുക. യാത്രാ സൗകര്യം കുറഞ്ഞ മേഖലകളിലേക്കും ഈ മാര്‍ഗം സ്വീകരിക്കും. ഇതോടെ അതിവേഗം ലക്ഷ്യത്തിലെത്താന്‍ യാത്രക്കാര്‍ക്ക് സാധിക്കും. നഗരങ്ങള്‍ തമ്മിലുള്ള ദൂരം കുറയ്ക്കാനും കഴിയും. റിയാദില്‍ നടന്ന ലോജിസ്റ്റിക് ഫോറത്തിനിടെ സംസാരിക്കുകയായിരുന്നു റസാന്‍ ശാക്കിര്‍.
മക്കയിലേക്ക് വരുന്ന തീര്‍ഥാടകര്‍ക്ക് വൈകാതെ ഇലക്ട്രിക് ജെറ്റില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മക്കയിലെ ക്ലോക്ക് ടവറിന് അടുത്ത് ഇതിന് വേണ്ടി പ്രത്യേക ഹെലിപ്പാഡ് ഒരുക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 50 ഇലക്ട്രിക് ജെറ്റുകളാണ് വാങ്ങുക എന്ന് നേരത്തെ സൗദിയ അറിയിച്ചിരുന്നു. പിന്നീട് ആവശ്യം പരിഗണിച്ച് കൂടുതല്‍ വാങ്ങും. നാല് മുതല്‍ ആറ് പേര്‍ക്ക് വരെ ഒരുമിച്ച് യാത്ര ചെയ്യാന്‍ സാധിക്കും. 175 കിലോമീറ്റര്‍ വരെ തുടര്‍ച്ചയായി സഞ്ചരിക്കാന്‍ ഇലക്ട്രിക് ജെറ്റിന് കഴിയും. 70 ലക്ഷം ഡോളറിനും 90 ലക്ഷം ഡോളറിനുമിടയിലാണ് ഒരു ഇലക്ട്രിക് ജെറ്റിന്റെ വില എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.