
ടെൽ അവീവ്: ബെയ്റൂട്ടിൽ മൂന്ന് ആഴ്ചകൾക്ക് മുൻപ് നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫിദ്ദീനെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ള കൊല്ലപ്പെട്ടതിന് പിന്നാലെ നസ്രള്ളയുടെ പിൻഗാമിയായി ഭീകര സംഘടനയുടെ നേതൃസ്ഥാനത്തേക്ക് ഹാഷിം സഫിദ്ദീൻ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഹാഷിം സഫിദ്ദീനെ വധിച്ചുവെന്ന വിവരം ഇസ്രയേൽ സ്ഥിരീകരിച്ചിരിക്കുന്നത്.
ഹിസ്ബുള്ളയുടെ എക്സിക്യുട്ടീവ് കൗൺസിൽ മേധാവി കൂടിയാണ് ഹാഷിം സഫി ദ്ദീൻ. ഇയാൾക്ക് പുറമെ ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ഡയറക്ടറേറ്റ് തലവൻ അലി ഹുസൈൻ ഹസിമ, നിരവധി ഹിസ്ബുള്ള കമാൻഡർമാർ എന്നിവരും ആക്രമണ ത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. നസ്രള്ളയെയും അയാളുടെ പിൻഗാമിയേയും നേതൃനിരയേയും ഇല്ലാതാക്കിയെന്ന് ഐഡിഎഫ് ചീഫ് ലെഫ്. ജനറൽ ഹെർസി ഹലേവിയും സമൂഹ മാധ്യമത്തിൽ കുറിച്ചു. എന്നാൽ ഹിസ്ബുള്ള ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല.
ഈ മാസം എട്ടിന് ബെഞ്ചമിൻ നെതന്യാഹുവും ഹാഷിം സഫിദ്ദീന്റെ പേര് പരാമ ർശിക്കാതെ ഇയാളെ ഇല്ലാതാക്കിയെന്ന പ്രസ്താവന നടത്തിയിരുന്നു. ഹസൻ നസ്രള്ള യേയും അയാൾക്ക് പകരമെത്തിയ ആളേയും ആയിരക്കണക്കിന് ഭീകരരേയും സൈന്യം ഇല്ലാതാക്കിയെന്നാണ് നെതന്യാഹു ലെബനനിലെ ജനങ്ങളെ അഭിസം ബോധന ചെയ്തുകൊണ്ട് പറഞ്ഞത്.