
റിയാദ്, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ നാമധേയത്തിൽ കോഴിക്കോട് നിർമ്മാണം ആരംഭിച്ച ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി ഡവലപ്മെന്റ് റിസോഴ്സ് സെന്റർ കേരളീയ മുസ്‌ലിം സമൂഹത്തി ന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക മുന്നേറ്റത്തിന്റെ കേന്ദ്രമാവുമെന്ന് കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ അഭിപ്രായപ്പെട്ടു.
റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ബത്ഹ കെഎംസിസി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് രാഷ്ട്രീയമായ ബോധം പകരുവാൻ ബാഫഖി തങ്ങൾ നടത്തിയ ഇടപെടൽ ചരിത്രത്തിന്റെ ഭാഗമാണ്. ജനാധിപത്യ സംരക്ഷണ ത്തിനും സുസ്ഥിരമായ ഭരണകൂടത്തെ രൂപപ്പെടുത്തിയെടുക്കുവാനും തങ്ങൾ കാണിച്ച മാതൃക അനുകരണീയമാണ്. മലയാളക്കരയിൽ പലപ്പോഴും ഉണ്ടായിട്ടുള്ള വർഗീയ സംഘർഷ സാഹചര്യങ്ങളെ തങ്ങൾ കൈകാര്യം ചെയ്ത രീതി പക്വമായിരുന്നു. സൗഹാർദ്ദ അന്തരീക്ഷം തകരാതിരിക്കുവാൻ വലിയ കരുതലാണ് തങ്ങൾ നടത്തിയി ട്ടുള്ളത്. ജനാധിപത്യവും മതേതരത്വവും സമാധാനവുമുള്ള അന്തരീക്ഷം ഉണ്ടായാൽ മാത്രമാണ് നാടിന്റെ പുരോഗതിയും സാമൂഹിക മുന്നേറ്റവും വികസനവുമെല്ലാം ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുകയുള്ളു. അതിനുള്ള വലിയ മാതൃകയായിരുന്നു ബാഫഖി തങ്ങളുടെ കർമ്മനിരതമായ ജീവിതം. ഇതെല്ലാം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ബാഫഖി തങ്ങൾക്ക് അനുയോജ്യമായ ഒരു സ്മാരകം പണിയുവാൻ കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചത്. ഡിജിറ്റൽ ലൈബ്രറി, സാമൂഹ്യ പഠനകേന്ദ്രം, ഓഫീസ് സമുച്ചയം, വിദ്യാർത്ഥി ഹോസ്റ്റൽ തുടങ്ങി ആധുനിക സൗകര്യങ്ങൾ നിർദ്ദിഷ്ട കേന്ദ്രത്തിലുണ്ടാവുമെന്നും റസാഖ് മാസ്റ്റർ പറഞ്ഞു.
കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ഭാരവാഹികൾക്ക് കെഎംസിസി മലപ്പുറം ജില്ലാ ഭാരവാഹികളായ ശരീഫ് അരീക്കോട്, മജീദ് മണ്ണാർമല, ശിഹാബ് തങ്ങൾ കുറുവ എന്നിവർ ഉപഹാരങ്ങൾ നൽകി. സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഫോമുകൾ മങ്കട, വേങ്ങര, വള്ളിക്കുന്ന് നിയോജ കമണ്ഡലം കെഎംസിസി ഭാരവാഹികൾക്ക് മുസ്‌ലിം ലീഗ് നേതാക്കൾ കൈമാറി.
കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടിരി, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, നാസർ മാങ്കാവ്, ഷമീർ പറമ്പത്ത്, കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് സുഹൈൽ അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു.
മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ മൊയ്‌ദീൻ കുട്ടി പൊന്മള, യൂനുസ് നാണത്ത്, ഷബീർ പള്ളിക്കൽ,റഫീഖ് ചെറുമുക്ക് എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.