വരുന്നു ലോകത്തെ ഏറ്റവും വലിയ കെട്ടിടം സൗദിയില്‍; 20 എംപയര്‍ സ്റ്റേറ്റിന്റെ വലിപ്പം’ അല്‍ മുകാബ് കെട്ടിടത്തിന്റെ പ്രത്യേകതകള്‍


റിയാദ്: ലോകത്തെ കൂറ്റന്‍ കെട്ടിടമാണ് ബുര്‍ജ് ഖലീഫ. യുഎഇയിലെ അത്യാകര്‍ഷ നിര്‍മിതിയും ഇതുതന്നെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെ ഏറ്റവും വലിയ കെട്ടിടം അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള എംപയര്‍ സ്റ്റേറ്റ് ആയിരുന്നു. എന്നാല്‍ എല്ലാത്തി നെയും പിന്തള്ളി ഒന്നാം സ്ഥാനം ഉറപ്പിക്കാനാണ് സൗദി അറേബ്യയില്‍ പുതിയ കെട്ടിടം ഉയരുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ഇതാകും ലോകത്തെ കൂറ്റന്‍ കെട്ടിടം എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുര്‍ജ് ഖലീഫ, മെര്‍ദെക 118, ഷാങ്ഹായ് ടവര്‍ തുടങ്ങി ഒട്ടേറെ കൂറ്റന്‍ കെട്ടിടങ്ങളുടെ പേരുകള്‍ കേട്ടിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകും സൗദിയില്‍ നിര്‍മാണം തുടങ്ങിയിരിക്കുന്ന ദി മുകാബ് എന്ന കെട്ടിടം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് കെട്ടിടം നിര്‍മിക്കുന്നത്. ക്യൂബ് മാതൃകയിലാണ് ഈ കെട്ടിടം വരുന്നത് എന്നതും എടുത്തുപറയണം…

സമ്പന്ന രാജ്യമാണ് സൗദി അറേബ്യ. പ്രകൃതി വിഭവമായ ക്രൂഡ് ഓയിലാണ് പ്രധാന വരുമാന മാര്‍ഗം. അറബ് ലോകത്തെ പ്രധാന രാജ്യമായ സൗദി തന്നെയാണ് മേഖലയില്‍ ഏറ്റവും വലുത്. ജനസംഖ്യയിലും മേഖലയിലെ പ്രധാന രാജ്യമാണ് സൗദി. അടുത്ത കാലത്തായി അതിവേഗ പരിഷ്‌കാരങ്ങളാണ് സൗദിയില്‍ നടപ്പാക്കി വരുന്നത്. ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് പരിഷ്‌കാരങ്ങള്‍.

യുവജനങ്ങള്‍ക്ക് ജോലി ചെയ്യാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ മിക്ക പദ്ധതികളും. അതോടൊപ്പം രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനവും ലക്ഷ്യമിടുന്നു. മക്കയും മദീനയും ഉള്‍പ്പെടെ പുണ്യനഗരങ്ങളുള്ളതിനാല്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദേശികളാണ് സൗദിയില്‍ വരുന്നത്. ഇവര്‍ക്ക് കൂടുതല്‍ ആനന്ദം നല്‍കുന്ന നിര്‍മിതികള്‍ ഒരുക്കുകയാണ് സൗദി.

അല്‍ മുകാബ് കെട്ടിടത്തിന്റെ പ്രത്യേകതകള്‍

400 മീറ്റര്‍ ഉയരത്തിലാണ് അല്‍ മുകാബ് കെട്ടിടം നിര്‍മിക്കാന്‍ പോകുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ കെട്ടിടമാകും ഇത്. തറയുടെ ഭാഗം 20 ലക്ഷം ചതുരശ്ര മീറ്ററിലായിരിക്കും. ന്യൂയോര്‍ക്കിലുള്ള എംപയര്‍ സ്റ്റേറ്റ് എന്ന കെട്ടിടത്തിന്റെ 20 ഇരട്ടി വലിപ്പത്തിലായിരിക്കും അല്‍ മുകാബ്. 5000 കോടി ഡോളര്‍ ചെലവഴിച്ചാണ് നിര്‍മാണം.

സൗദിയിലെ പുതിയ നഗര ജില്ലയായ ന്യൂ മുറബ്ബയുടെ ഭാഗമായിട്ടാകും പുതിയ കെട്ടിടം. ഒരു ലക്ഷത്തിലധികം വീടുകളാണ് പുതിയ ജില്ലയില്‍ വരുന്നത്. സൗദി അറേബ്യയുടെ സംസ്‌കാരവും സാമ്പത്തിക ശേഷിയുമെല്ലാം വിളിച്ചോതുന്നതാകും പുതിയ ജില്ലയും കെട്ടിടങ്ങളും. ബിസിനസ് ഹബ്ബാക്കി മേഖലയെ മാറ്റുക എന്ന ലക്ഷ്യവും സൗദി ഭരണകൂടത്തിനുണ്ട്.

സൗദിയുടെ വമ്പന്‍ നിക്ഷേപങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ്. ഇതിലെ പ്രധാനിയാണ് ന്യു മുറബ്ബ ഡവലപ്‌മെന്റ് കമ്പനി. ഇവരാണ് പുതിയ കൂറ്റന്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ക്യൂബ് മാതൃകയി ലുള്ള കെട്ടിടങ്ങള്‍ അപൂര്‍വമാണ്. ലോകത്തെ ഏറ്റവും വലിയ കെട്ടിടമാകുമെന്ന് നേരത്തെ കരുതിയിരുന്ന ജിദ്ദ ടവറിന്റെ നിര്‍മാണം 2018ല്‍ നിലച്ചു. അതിനിടെയാണ് നിയോം നഗരത്തില്‍ ദി ലൈന്‍ എന്ന പേരില്‍ 170 കിലോമീറ്റര്‍ ദൂരത്തില്‍ ‘കണ്ണാടി നഗരം’ സ്ഥാപിക്കാന്‍ സൗദി ഒരുങ്ങിയത്. ഇപ്പോള്‍ മുകാബ കെട്ടിടത്തിനും തുടക്കമിട്ടിരിക്കുന്നു. മൂന്നും പൂര്‍ത്തിയായാല്‍ സൗദി ലോകത്തെ അത്യാകര്‍ഷക രാജ്യമായി മാറും.


Read Previous

പുടിനും മസ്‌കും നിരന്തരം ആശയവിനിമയം നടത്തുന്നു? അമേരിക്കയില്‍ പുതിയ വിവാദക്കൊടുങ്കാറ്റുയര്‍ത്തി ‘വാള്‍സ്ട്രീറ്റ് ജേണലിന്റെ’ റിപ്പോര്‍ട്ട്; നിഷേധിച്ച് റഷ്യ

Read Next

പാലക്കാട് ഡിസിസിയുടെ പ്രമേയം വെട്ടിയതിന് പിന്നില്‍ വിഡി സതീശനും ഷാഫി പറമ്പിലും: എം വി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »