വിഴിഞ്ഞം തുറമുഖം; വയബിലിറ്റി ​ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണം; സംസ്ഥാനത്തെ വെട്ടിലാക്കി കേന്ദ്രം


തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനു കേന്ദ്ര സർക്കാർ നൽകുന്ന വയബിലിറ്റി ​ഗ്യാപ് ഫണ്ട് (വിജിഎഫ്) ദീർഘകാല ലാഭത്തിൽ നിന്നു തിരിച്ചട യ്ക്കണമെന്നു കേന്ദ്ര സർക്കാർ. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി സാമ്പത്തികമായി ലാഭകരമാ കാത്ത പദ്ധതികൾക്കു പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിനു മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സർക്കാർ തിരിച്ചടയ്ക്കാൻ നിർദ്ദേശം നൽകിയത്.

തൂത്തുക്കുടി തുറമുഖത്തിനു സമാനമായി കേന്ദ്രം വിജിഎഫ് പ്രഖ്യാപിച്ചത് ധന സഹായമായാണ്. വായ്പാ വ്യവസ്ഥ ഒഴിവാക്കി ധന സഹായം അനുവദിക്കണമെ ന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചു.

വിജിഎഫിനു തത്വത്തിൽ അം​ഗീകാരം ലഭിച്ച ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. 817.80 കോടി രൂപയാണ് വിജിഎഫ് ആയി കേന്ദ്രം അനുവദിക്കേണ്ടത്. ഇപ്പോൾ മുടക്കുന്ന തുകയ്ക്ക് ഭാവിയിൽ തുറമുഖം ലാഭത്തിലെത്തുമ്പോഴേക്കുള്ള മൂല്യത്തിനു അനുസരിച്ചുള്ള തിരിച്ചടവ് (നെറ്റ് പ്രസന്റ് വാല്യു) വ്യവസ്ഥയാണ് കേന്ദ്രം മുന്നോട്ടു വയ്ക്കുന്നത്.

ഇപ്പോഴത്തെ കണക്കു കൂട്ടലിൽ തിരിച്ചടവ് ഏകദേശം 10,000- 12,000 കോടി രൂപയാകുമെന്നു മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. വലിയ തുക പദ്ധതികൾക്കായി മുടക്കുകയും വർഷങ്ങൾക്കു ശേഷം മാത്രം വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്യുന്ന വ്യവസ്ഥയിലാണ് നിലവിൽ സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി ചെവഴിക്കുന്നത്. വിജിഎഫ് തിരിച്ചടയ്ക്കേണ്ടി വന്നാൽ സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കത്തിൽ പറയുന്നു.

ചതിയും വിവേചനവും

വിജിഎഫ് സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കണമെന്ന കേന്ദ്ര നിബന്ധന സംസ്ഥാന ത്തോടുള്ള ചതിയും വിവേചനവുമാണെന്നു മന്ത്രി വിഎൻ വാസവൻ. പദ്ധതിയുടെ അവസാനവട്ട ട്രയൽ റൺ പുരോ​ഗമിക്കുകയാണ്. പദ്ധതിക്കാവശ്യവമായ 8867 കോടി രൂപയിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്. ഇതിൽ 2159 കോടി രൂപ ചെലവഴിച്ചു. കേന്ദ്ര ഫണ്ട് ഒരു പോലും ലഭിച്ചതുമില്ല.

വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കുന്നത് കേന്ദ്ര സർക്കാരും അദാനി കമ്പനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ തിരിച്ചടയ്ക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ വേണമെന്നതു വിചിത്രമായ നിബന്ധനയാണെന്നും മന്ത്രി പറയുന്നു.


Read Previous

ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമം; പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ 33 കോടിയുടെ തട്ടിപ്പ്; ഭരണസമിതി അം​ഗം അറസ്റ്റിൽ

Read Next

ബിജെപി ഓഫീസ് സെക്രട്ടറി ചായ വാങ്ങി കൊടുക്കുന്നയാള്‍’; കോടികള്‍ക്ക് കാവല്‍ നിന്നു എന്നത് എകെജി സെന്ററില്‍ നിന്നുള്ള പുതിയ തിരക്കഥ; വി മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »