
പത്തനംതിട്ട: മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ല എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
എന്നാൽ ഭരണ സ്വാധീനം ഉപയോഗിച്ചു സജി ചെറിയാൻ കേസ് അട്ടിമറിച്ചു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണു താനെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എതിരെ പറഞ്ഞിട്ടുമില്ലെന്നും ആമുഖം വായിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണത്തിലുണ്ട്. അംബേദ്കറെ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്നു പറയുന്നിതലും ദുഃഖം ഉണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.