മഹാരാഷ്ട്രയില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുടെ ചെപ്പ് തുറന്ന് കോണ്‍ഗ്രസ്, ബിജെപി മുന്നണികളുടെ പ്രകടന പത്രികകള്‍


മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്, ബിജെപി മുന്നണികള്‍. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ മഹാവികാസ് അഘാഡി പ്രകടന പത്രികയില്‍ മുന്നോട്ടു വെച്ചപ്പോള്‍ സ്ത്രീകള്‍ക്ക് 2100 രൂപ, വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയവയാണ് ബിജെപി മുന്നണിയുടെ പ്രഖ്യാപനങ്ങള്‍. മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ‘മഹാരാഷ്ട്ര നാമ’ എന്ന പേരില്‍ മഹാവികാസ് അഘാഡിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.

ഒന്‍പതിനും 16 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിനേഷന്‍, ആര്‍ത്തവ സമയത്ത് വനിതാ ജീവനക്കാര്‍ക്ക് രണ്ട് ദിവസ ത്തെ ഓപ്ഷണല്‍ അവധി, ശിശുക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, സ്വാശ്രയ സംഘങ്ങളുടെ ശാക്തീകരണത്തിനായി പ്രത്യേക മന്ത്രാലയം, സ്ത്രീകള്‍ക്ക് 500 രൂപ നിരക്കില്‍ ഓരോ വര്‍ഷവും ആറ് പാചക വാതക സിലിണ്ടറുകള്‍ എന്നിവയാണ് പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.

സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമത്തിനായി യൂത്ത് കമ്മീഷന്‍ രൂപീകരിക്കുമെന്നും തൊഴിലില്ലാത്ത ബിരുദധാരികള്‍ക്കും ഡിപ്ലോമകാര്‍ക്കും 4000 രൂപ മാസം നല്‍കു മെന്നും സംസ്ഥാന സര്‍ക്കാരില്‍ 2.5 ലക്ഷം തസ്തികകളില്‍ നിയമനം നടത്തുമെന്നും മഹാവികാസ് അഘാഡിയുടെ പ്രകടന പത്രികയില്‍ പറയുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി നിര്‍ഭയ് മഹാരാഷ്ട്ര പോളിസി കൊണ്ടു വരികയും ശക്തി നിയമം നടപ്പിലാക്കുകയും ചെയ്യും. 18 വയസ് തികയുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷം വീതം നല്‍കുമെന്നും വാഗ്ദാനമുണ്ട്. സംസ്ഥാനത്തെ കര്‍ഷകരുടെ മൂന്ന് ലക്ഷം വരെയുള്ള കടം എഴുതി തള്ളുകയും സ്ഥിരമായി വായ്പ തിരിച്ചടയ്ക്കുന്നതിന് 50,000 രൂപ ഇന്‍സന്റീവ് നല്‍കുന്നതിനുമൊപ്പം നിലവിലുള്ള പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനായി അവലോകനവും നടത്തും.

അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും പുതിയ വ്യവസായ നയം കൊണ്ടുവരുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവരുമെന്നുമാണ് മറ്റു വാഗ്ദാനങ്ങള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. വികസിത ഭാരതത്തിനായി വികസിത മഹാരാഷ്ട്ര എന്നതാണ് ബിജെപി പ്രകടന പത്രികയുടെ ലക്ഷ്യം.

സ്ത്രീകള്‍ക്ക് മാസം 2,100 രൂപയുടെ സാമ്പത്തിക സഹായം, കാര്‍ഷിക വായ്പ എഴുതി തള്ളും, മുതിര്‍ന്നവര്‍ക്കുള്ള പെന്‍ഷന്‍ 1,500 രൂപയില്‍ നിന്നും 2,100 രൂപയാക്കും, അങ്കന്‍വാടി പ്രവര്‍ത്തകര്‍ക്ക് 15,000 രൂപ മാസ വേതനവും ഇന്‍ഷുറന്‍സും, സ്‌കില്‍ സെന്‍സസ്, സംരംഭങ്ങള്‍ക്കും വ്യവസായ വളര്‍ച്ചയ്ക്കുമായി 25 ലക്ഷം രൂപ വരെ പലിശ രഹിത ലോണുകള്‍ എന്നിവയാണ് ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

25 ലക്ഷം തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസ സഹായമായി മാസം 10,000 രൂപ, 10 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം, ഗ്രാമ പ്രദേശങ്ങളില്‍ 45,000 കണക്ടിങ് റോഡുകള്‍, അവശ്യ വസ്തുക്കളുടെ വിലയില്‍ സ്ഥിരത, വൈദ്യുതി ബില്ലില്‍ 30 ശതമാനം കുറവ്, 100 ദിവസത്തിനുള്ളില്‍ വിഷന്‍ മഹാരാഷ്ട്ര 2029 പൂര്‍ത്തീകരണം എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.

ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന, അജിത് പവാര്‍ നയിക്കുന്ന എന്‍സിപി എന്നിവയോടൊപ്പം മഹായുതി സഖ്യമായാണ് ബിജെപി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നവംബര്‍ 20 നാണ് വോട്ടെടുപ്പ്.


Read Previous

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; വയനാടിനെ ഇളക്കി മറിച്ച് പ്രിയങ്കയുടെ അവസാന വട്ട പ്രചാരണം

Read Next

പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടി’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »