ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അനുര കുമാര ദിസനായകയുടെ എന്‍പിപി തകര്‍പ്പന്‍ വിജയത്തിലേക്ക്


കൊളംബോ: ശ്രീലങ്കയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) സഖ്യം തകര്‍പ്പന്‍ വിജയത്തിലേക്ക്. 225 അംഗ പാര്‍ലമെന്റില്‍ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 107 സീറ്റുകള്‍ ദിസനായകയുടെ പാര്‍ട്ടി ഇതിനോടകം നേടിക്കഴിഞ്ഞു.

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 150 ലേറെ സീറ്റുകള്‍ എന്‍പിപിക്ക് ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയ സഖ്യമാണ് ഇത്തവണ വലിയ വിജയത്തിലേക്ക് കുതിക്കുന്നത്.

റനില്‍ വിക്രമ സിംഗെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിലെ എസ്‌ജെബി 18 ശതമാനം വോട്ട് നേടിയിട്ടുണ്ട്. എന്നാല്‍ എന്‍ഡിഎഫിന് ലഭിച്ച വോട്ടുകള്‍ അഞ്ച് ശതമാനത്തിലും താഴെയാണ്.

എസ്‌ജെബി എട്ട് സീറ്റുകളിലും എന്‍ഡിഎഫ് ഒരു സീറ്റിലും വിജയം നേടി. രാജപക്‌സെ കുടുംബത്തിന്റെ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് രണ്ട് സീറ്റില്‍ അവര്‍ വിജയിച്ചു. വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇത്തവണ വോട്ടിങ് ശതമാനത്തില്‍ വലിയ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 70 ശതമാനത്തിലും താഴെയായിരുന്നു പോളിങ്. സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 80 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. 2.1 കോടി ജനങ്ങളുള്ള ശ്രീലങ്കയില്‍ 1.7 കോടിയിലേറെ വോട്ടര്‍മാരുണ്ട്. 13,314 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു.

കഴിഞ്ഞ മാസത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദിസനായകയോടു തോറ്റ റനില്‍ വിക്രമസിംഗെ എം.പി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല. 1977 നുശേഷം ആദ്യമായാണ് വിക്രമസിംഗെ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. രാജപക്‌സെ സഹോദരന്മാരും ഇത്തവണ മത്സരത്തിനില്ല.

196 അംഗങ്ങളെയാണ് നേരിട്ടു തിരഞ്ഞെടുക്കുന്നത്. ബാക്കി 29 പേരെ പാര്‍ട്ടികള്‍ നേടിയ വോട്ടിന് ആനുപാതികമായി വീതിച്ചു നല്‍കും. അഞ്ച് വര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി.


Read Previous

മുനമ്പം ഭൂമി പ്രശ്‌നം വിവാദമായതോടെ വഖഫ് എന്ന വാക്കും ചര്‍ച്ചയായി; എന്താണ് വഖഫ്?; ചരിത്രം, നിയമം, ആശങ്കകള്‍

Read Next

വിദ്യാഭാരം കുറയ്ക്കാന്‍ സി.ബി.എസ്.ഇ നീക്കം; 10,12 ക്ലാസുകളിലെ സിലബസ് 15 ശതമാനം ചുരുക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »