റെസിഡൻസി, തൊഴിൽ നിയമ ലംഘനം: കുവൈത്തിൽ 610 പേരെ നാടുകടത്തി


കുവൈത്ത് സിറ്റി: ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെയുള്ള കാലയളവിൽ കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ ഇരുപതോളം ഗതാഗത-സുരക്ഷാ പരിശോധനകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയം.റെസിഡൻസി, തൊഴിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അസ്സബാഹിൻറെ നിർദ്ദേശത്തെ തുടർന്നാണ് സുരക്ഷാ കാമ്പയിൻ ശക്തമാക്കിയത്.

പരിശോധനയിൽ 317 നിയമലംഘകരെ പിടികൂടി. ഈ കാലയളവിൽ 610 പേരെ നാടുകടത്തിയതായി അധികൃതർ പറഞ്ഞു. അനധികൃതമായി രാജ്യത്ത് കഴിയുന്നവരും വിവിധ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരും ഒളിവിൽ പോയവരും പിടികൂടിയവരിൽ ഉൾപ്പെടും. റോഡുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പഴുതടച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് പോലിസ് പരിശോധന.പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ക്യാമ്പയിൻ വ്യാപിപ്പിച്ചത്.

അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിൻറെ തീരുമാനം. പരിശോധനയിൽ പിടിയിലാകുന്ന അനധികൃത താമസക്കാരെ നിയമ നടപടികൾ പൂർത്തിയാക്കി രാജ്യത്ത് നിന്ന് നാട് കടത്തും. ഇത്തരത്തിൽ നാട്ടിലേക്ക് അയക്കുന്നവർക്ക് പിന്നീട് കുവൈത്തിൽ പ്രവേശിക്കാനാവില്ല. നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വരും ദിവസങ്ങളിലും സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കുമെന്നാണ് സൂചനകൾ.


Read Previous

പ്രവാസികളെ കൊണ്ട് വിസയില്ലാതെ ജോലി ചെയ്യിക്കുന്നു; തൊഴിലുടമകൾക്കെതിരേ മുന്നറിയിപ്പുമായി അധികൃതർ

Read Next

മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് അപകടം; ആറംഗ കുടുംബത്തിന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »