
ന്യൂഡല്‍ഹി: ദ്രോണാചാര്യ- ഏകലവ്യ പരാമര്‍ശത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ഹൈന്ദവ മതപുരോഹിതന്മാരും നേതാക്കളും. രാഹുല്‍ ഗാന്ധി വിഡ്ഡിയും ദേശവിരുദ്ധനും, ഹിന്ദു വിരോധിയുമാണെന്ന് മഹന്ത് കമല്‍ നയന്‍ ദാസ് പറഞ്ഞു. രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകലവ്യ കഥയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തെ തെറ്റായി പ്രതിപാദിക്കുക യാണ് രാഹുല്‍ഗാന്ധി ചെയ്തതെന്ന് പഞ്ചായത്തി അഖാര ബഡാ ഉദാസിന്‍ മഹാമണ്ഡലേശ്വര്‍ രൂപേന്ദ്ര പ്രകാശ് മഹാരാജ് പറഞ്ഞു. രാഹുല്‍ കഥ വളച്ചൊടിക്കുകയാണ്. മഹാഭാരതത്തില്‍ ഏകലവ്യന്‍ ദ്രോണാചാര്യര്‍ക്ക് ഗുരുദക്ഷിണയായി തന്റെ തള്ളവിരല്‍ ദാനം ചെയ്യുകയാണ്. ഇത് അനീതിയല്ല, ബഹുമാനത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ്. ഇത് ഗുരു-ശിഷ്യ ബന്ധത്തിന്റെ മഹത്വം കാണിക്കുന്നു. ഇത് ക്രൂരതയല്ല. പ്രകാശ് മഹാരാജ് പറഞ്ഞു.
ഹിന്ദു സമൂഹത്തെ രാഹുല്‍ നിരന്തരം ആക്രമിക്കുന്നു. എന്നാല്‍ ഇസ്ലാമിനെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുന്നു. തിരിച്ചടി ഭയന്നാണ് അദ്ദേഹം മുസ്ലീം സമൂഹത്തെ വിമര്‍ശിക്കാത്തതെന്നും മഹാരാജ് പറഞ്ഞു. ഏകലവ്യനുമായി ബന്ധപ്പെട്ട പ്രസ്താവന സനാതന ധര്‍മ്മത്തിനെതിരായ ആക്രമണവും അതിന്റെ മൂല്യങ്ങളെ അപമാനിക്കുന്നതുമാണ്. പ്രകാശ് മഹാരാജ് കൂട്ടിച്ചേര്‍ത്തു.
സനാതന ധര്‍മ്മത്തെയാണ് രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ അപമാനിച്ചതെന്ന് മറ്റൊരു മത പുരോഹി തനായ രാജു ദാസ് അഭിപ്രായപ്പെട്ടു. ദ്രോണാചാര്യനെയും ഏകലവ്യനെയും അപകീര്‍ത്തിപ്പെടുത്തി. ഇന്ത്യന്‍ സംസ്‌കാരത്തിലും ചരിത്രത്തിലുമുള്ള രാഹുല്‍ഗാന്ധിയുടെ അജ്ഞതയാണ് വെളിവായതെന്നും രാജു ദാസ് പറഞ്ഞു. ദ്രോണാചാര്യ ഏകലവ്യന്റെ തള്ളവിരല്‍ മുറിച്ചുമാറ്റിയതിന് സമാനമായി, മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ‘രാജ്യത്തെ യുവാക്കളുടെ തള്ളവിരല്‍ മുറിക്കുകയാണ്’ എന്നാണ് പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ രാഹുല്‍ഗാന്ധി പറഞ്ഞത്.