
ചെന്നൈ: ക്ഷേത്രഭണ്ഡാരത്തില്‍ അബദ്ധത്തില്‍ വീണ ഐഫോണ്‍ തിരികെ നല്‍കാനുള്ള ഭക്തന്റെ അഭ്യര്‍ഥന നിരസിച്ച് ക്ഷേത്ര ഭാരവാഹികള്‍. ഭണ്ഡാരത്തില്‍ വീണുകഴിഞ്ഞാല്‍ അത് ക്ഷേത്ര സ്വത്തായി മാറിയെന്നാണ് ഭാരവാഹികളുടെ വാദം. ഇതോടെയാണ് മൊബൈല്‍ഫോണ്‍ യുവാവിന് നല്‍കാന്‍ ഭാരവാഹികള്‍ വിസമ്മതിച്ചത്
വിനായകപുരം സ്വദേശി ദിനേശിന്റെ ഫോണ്‍ ആണ് ക്ഷേത്ര ഭണ്ഡാരത്തില്‍ വീണത്. കഴിഞ്ഞ മാസമാണ് ദിനേശും കുടുംബവും ചെന്നൈക്കടുത്ത് തിരുപോരൂരിലെ അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. പൂജയ്ക്ക്ശേഷം ദിനേശ് ഭണ്ഡാരത്തില്‍ പണമിടാനായി പോയി. ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്ന് നോട്ടുകള്‍ എടുക്കുന്നതിനിടെയാണ് ഐഫോണ്‍ ഭണ്ഡാരപ്പെട്ടിയില്‍ വീണത്. തുടര്‍ന്ന് ദിനേശ് ക്ഷേത്ര ഭാരവാഹികളെ സമീപിച്ചു. എന്നാല്‍ ഭണ്ഡാരത്തില്‍ വഴിപാട് വെച്ചാല്‍ അത് ദൈവത്തിന്റെ സ്വത്തായിമാറുമെന്ന മറുപടിയാണ് ലഭിച്ചത്.
കൂടാതെ, ആചാരമനുസരിച്ച് രണ്ട് മാസത്തിലൊരിക്കല്‍ മാത്രമേ ഭണ്ഡാരം തുറക്കുകയുള്ളൂവെന്നും മറുപടി നല്‍കി. തുടര്‍ന്ന് ദിനേശ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് അധികൃതര്‍ക്ക് പരാതി നല്‍കി. ഇവരുടെ ഇടപെടലില്‍ ഭണ്ഡാരപ്പെട്ട തുറക്കാന്‍ നിര്‍ദേശം ലഭിച്ചു. വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികള്‍ ഭണ്ഡാരം തുറന്നു. ഫോണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ദിനേശും എത്തി. എന്നാല്‍ ഫോണ്‍ നല്‍കില്ലെന്നും സിമ്മും ഫോണിലെ അത്യാവശ്യ ഡാറ്റയും എടുക്കാമെന്ന മറുപടിയാണ് ക്ഷേത്ര ഭാരവാഹികളില്‍നിന്ന് ലഭിച്ചത്. എന്നാല്‍ സ്വീകാര്യമല്ലെന്ന നിലപാടാണ് ദിനേശ് സ്വീകരിച്ചത്.
തുടര്‍ന്ന് ഈ വിഷയം എച്ച്ആര്‍ & സിഇ മന്ത്രി പി കെ ശേഖര്‍ ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹവും ‘ദൈവത്തിന് നല്‍കിയത് തിരിച്ചെടുക്കാനാകില്ല’ എന്നുതന്നെ ആവര്‍ത്തിച്ചു. ക്ഷേത്രങ്ങളിലെ ആചാരങ്ങളും പാരമ്പര്യവും അനുസരിച്ച്, ഭണ്ഡാരത്തില്‍ സമര്‍പ്പിക്കുന്ന ഏതൊരു വഴിപാടും ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്നു. ഭക്തര്‍ക്ക് വഴിപാടുകള്‍ തിരികെ നല്‍കാന്‍ ഭരണസംവിധാനത്തെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഭക്തര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. നേരത്തെയും സമാനമായ സംഭവം തമിഴ്‌നാട്ടില്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ നിന്നെത്തിയ ഭക്തയുടെ ഒന്നര പവന്റെ സ്വര്‍ണമാല ഭണ്ഡാരത്തില്‍ പോയിരുന്നു. പഴനിയിലെ പ്രശസ്തമായ ശ്രീ ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലായിരുന്നു ഈ സംഭവം.വഴിപാട് നടത്താനായി കഴുത്തിലെ തുളസിമാല അഴിക്കുന്നതി നിടെയാണ് സ്വര്‍ണമാല ഭണ്ഡാരത്തിലേക്ക് വീണുപോയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ക്ഷേത്ര അധികൃതര്‍ മാല അബദ്ധത്തില്‍ വീണതാണെന്ന് കണ്ടെത്തി. തുടര്‍ന്ന്, ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ ക്ഷേത്രം ഭരണസമിതി ചെയര്‍മാന്‍ തന്റെ സ്വന്തം ചെലവില്‍ അതേമൂല്യമുള്ള മറ്റൊരു സ്വര്‍ണമാല അവര്‍ക്ക് വാങ്ങിനല്‍കുകയായിരുന്നു.