ഡിപ്രെഷൻ അകറ്റുന്ന പൂന്തോട്ടങ്ങൾ; മാനസിക ആരോഗ്യം കാക്കാൻ പുത്തൻ വഴികളിതാ


തിരക്ക് പിടിച്ച ജീവിതം മനുഷ്യ മനസുകളെ ഏറെ അസ്വസ്ഥതപ്പെടുത്താറുണ്ട്. ജോലി സംബന്ധമായ തിരക്ക്, വീട്ടിലെ തിരക്ക് തുടങ്ങി ഒരു ദിവസം പുലര്‍ന്ന് രാത്രിയാകുന്നത് അറിയുന്നതേയില്ല. മെച്ചപ്പെട്ട ജീവിത നിലവാരം മനസില്‍ കണ്ട് പണിയെടുക്കുന്നവരാണ് മിക്കവരും. സാമ്പത്തിക നേട്ടത്തിലുപരി സമൂഹത്തിലെ ഉന്നമനവും കണക്കിലെടുത്താണ് ഈ ഓട്ടപ്പാച്ചില്‍. തിരക്കുകളിലൂടെ കടന്ന് പോകുന്ന ഈ ജീവിതത്തിനിടെ പലര്‍ക്കും സ്വന്തം കാര്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കാന്‍ സമയമില്ലാതെയാകുന്നു.

അതുകൊണ്ട് തന്നെ തിരക്ക് പിടിച്ച ഈ ജീവിതം പിന്നീട് ചിലപ്പോള്‍ വലിയ മാനസിക പ്രയാസങ്ങള്‍ക്ക് കാരണമായേക്കും. തൊഴിലിടത്തെ മാനസിക സമ്മര്‍ദവും വീട്ടുജോലിയുമെല്ലാം മാനസിക പിരിമുറുക്ക ത്തിലേക്ക് അടക്കം നയിച്ചേക്കാം. അതുകൊണ്ട് തന്നെ പലരും മാനസിക പിരിമുറുക്കങ്ങളും പ്രയാസ ങ്ങളും കുറയ്‌ക്കാനുള്ള കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് തേടിക്കൊണ്ടിരിക്കുകയാണ്.

മൂഡ്‌ ബൂസ്റ്ററാണ് ഗാര്‍ഡനിങ്: പൂന്തോട്ടങ്ങളെയോ കൃഷി വിളകളെയോ പരിപാലിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉത്‌കണ്‌ഠ പോലുള്ള പ്രായസങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുമെന്ന് ഗുരുഗ്രാമിലെ ആർട്ടെമിസ് ഹോസ്‌പിറ്റലിലെ ഇന്‍റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്‍റായ ഡോ. പി വെങ്കട കൃഷ്‌ണൻ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഗാര്‍ഡനിങ് ജീവിതചര്യയാക്കുന്നവരില്‍ വിഷാദ രോഗം ഉണ്ടാകില്ല. കൃഷിയില്‍ വ്യാപൃതമാകുമ്പോഴു ണ്ടാകുന്ന മാനസിക ഉന്മേഷം ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മോണ്‍ മാനസിക നില മെച്ചപ്പെടുത്താന്‍ വളരെ സഹായകരമാണെന്നും ഡോ. പി വെങ്കട കൃഷ്‌ണൻ പറഞ്ഞു.

രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു: ഗാര്‍ഡനിങ് ശരീരത്തിന്‍റെ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുമെന്ന് ഡോക്‌ടര്‍ വ്യക്തമാക്കി. ചെടികളെ പരിപാലിക്കാന്‍ പൂന്തോട്ടങ്ങളിലെത്തുമ്പോള്‍ ശരീരത്തില്‍ ഏല്‍ക്കുന്ന സൂര്യപ്രകാശത്തിലൂടെ വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കപ്പെടും. ഇത് ശരീരത്തിലെ അസ്ഥികളെ കൂടുതല്‍ ദൃഢമുള്ളതാക്കും.

ഗാര്‍ഡനിങ് നല്ലൊരു വ്യായാമം: ഗാര്‍ഡനിങ് തിരക്കിനിടെ നമ്മള്‍ പോലും അറിയാതെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നു. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുകയും അതുവഴി ഊര്‍ജം പ്രദാനം ചെയ്യപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ കലോറിയെ നീക്കം ചെയ്യാനും ഇതിലൂടെ സാധിക്കും. ഏകദേശം ഒരു മണിക്കൂര്‍ ഗാര്‍ഡനിങ്ങിനായി ചെലവഴിച്ചാല്‍ അതിലൂടെ 330 കലോറി എരിച്ചുകളയാമെന്നും ഡോക്‌ടര്‍ പറയുന്നു. മാത്രമല്ല കഠിനമായ വ്യായാമം ചെയ്യാന്‍ താത്‌പര്യ മില്ലാത്തവര്‍ക്ക് യോജിച്ചതാണ് ഗാര്‍ഡനിങ്.

ചെടികള്‍ പറിച്ച് നടുക, ഗാന്‍ഡനിലെ ആവശ്യമില്ലാത്ത കളകള്‍ പറിച്ച് നീക്കുക, മണ്ണ് ബാഗുകളില്‍ നിറയ്‌ക്കുക എന്നിവയെല്ലാം ചെയ്യുന്നത് ഒരു സമ്പൂര്‍ണ വ്യായാമം തന്നെയാണെന്നും ഡോക്‌ടര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതേ കുറിച്ചുള്ള പഠനം: സ്ഥിരമായി ഗാര്‍ഡനിങ്ങില്‍ ഏര്‍പ്പെടുന്ന വ്യക്തികളില്‍ ബോഡി മാസ്‌ ഇന്‍ഡക്‌സ് വളരെ കുറവായിരിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റീഡേഴ്‌സ്‌ ഡൈജസ്റ്റില്‍ പറയുന്നു. ഇത്തരക്കാരില്‍ അമിത ഭാരമോ പൊണ്ണത്തടിയോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു: ഗാര്‍ഡനിങ് ഒരു വ്യായാമം കൂടിയായത് കൊണ്ട് ഇതിലൂടെ ശരീരത്തിലെ അമിത കൊളസ്‌ട്രോള്‍ കുറയ്‌ക്കാനാകും. ഇത് ഹാര്‍ട്ട് അറ്റാക്ക് പോലുള്ള അവസ്ഥകളെ ഇല്ലാതാക്കും. മാത്രമല്ല ഗാര്‍ഡനിങ്ങിലൂടെ ലഭിക്കുന്ന മാനസിക ഉല്ലാസം രക്ത സമ്മര്‍ദം കുറയ്‌ക്കാനും അത് ഹൃദയത്തിന് കൂടുതല്‍ സംരക്ഷണം നല്‍കാനും സഹായകമാണ്. 2013ല്‍ പബ്ലിഷ്‌ ചെയ്‌തിട്ടുള്ള ഒരു സ്വീഡിഷ്‌ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഗാര്‍ഡനിങ് ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുമെന്നും പറയുന്നുണ്ട്.

തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനും ഉത്തമം ഗാര്‍ഡനിങ്: പതിവായുള്ള ഗാര്‍ഡനിങ് ആക്‌റ്റിവി റ്റികള്‍ തലച്ചോറിലെ നാഡീവളര്‍ച്ചയ്‌ക്കും സഹായകരമാണ്. നാഡീ വളര്‍ച്ച സാധ്യമാക്കുന്ന ഘടകങ്ങള്‍ ഇതിലൂടെ മെച്ചപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറവി രോഗമുള്ള ആളുകള്‍ക്ക് ചികിത്സയുടെ ഭാഗമായി ഗാര്‍ഡനിങ് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡോ. കൃഷ്‌ണന്‍ പറയുന്നു.

ഇന്‍റര്‍നാഷണൽ ജേണൽ ഓഫ് എൻവയോൺമെന്‍റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിലെ 2019ലെ പഠനമനുസരിച്ച് ഈ പ്രവർത്തനം തലച്ചോറിന് ഒരു വർക്ക്ഔട്ട് നൽകുമെന്നും ഡോക്‌ടര്‍ പറഞ്ഞു. ഗാര്‍ഡനിങ്ങില്‍ ഏര്‍പ്പെടുന്നതിന് മുമ്പും ശേഷവും നിരവധി പേരില്‍ നടത്തിയ പരീക്ഷണ ഫലങ്ങള്‍ വളരെ വ്യത്യസ്‌തമായിരുന്നു. ഗാര്‍ഡനിങ്ങിന് മുമ്പ് മാനസിക പ്രയാസങ്ങള്‍ കൊണ്ട് പ്രയാസപ്പെട്ടിരുന്ന പലരും ഗാര്‍ഡനിങ് ചെയ്‌ത് തുടങ്ങിയതോടെ ഇതില്‍ നിന്നും മുക്തി നേടിയതായും കണ്ടെത്തി. 2019ലെ ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്തിലെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

പ്രായമായവര്‍ക്കും ഗാര്‍ഡനിങ് ഉത്തമം: പ്രായമായവരോട് പലപ്പോഴും നിങ്ങള്‍ ഇതൊന്നും ചെയ്യേണ്ട അടങ്ങി വീട്ടിലിരുന്നാല്‍ മതിയെന്ന് പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്നാലിനി അത്തരം പദപ്രയോഗങ്ങളൊന്നും വേണ്ട. അവര്‍ക്ക് താത്‌പര്യം ഗാര്‍ഡനിങ്ങിലാണെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കണം. കാരണം വാര്‍ധക്യ രോഗങ്ങളില്‍ നിന്നും മാനസിക പ്രയാസങ്ങളില്‍ നിന്നും ഗാര്‍ഡനിങ് അവര്‍ക്ക് ആശ്വാസം പകരും. മാത്രമല്ല ഒറ്റപ്പെടലിന്‍റേത് അടക്കമുള്ള പ്രയാസങ്ങള്‍ അവരെ ബാധിക്കുകയുമില്ലെന്ന് പഠനങ്ങള്‍ പറയുന്നു. പ്രായമായി വെറുതെ വീട്ടിലിരിക്കുന്നവരില്‍ പരമാവധി ഗാര്‍ഡനിങ് പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്‍ട്ടുകല്‍ ചൂണ്ടിക്കാട്ടുന്നു. ഒട്ടും ജോലിയൊന്നും ചെയ്യാന്‍ സാധിക്കാത്തവരാണെങ്കില്‍ വൈകുന്നേരങ്ങളില്‍ വെറുതെ അവരെയും കൂട്ടി പൂന്തോട്ടങ്ങളിലോ പച്ചക്കറി തോട്ടങ്ങളിലോ സമയം ചെലവഴിക്കാം. ഇത് അവര്‍ക്ക് മാനസിക സന്തോഷം പകരും.

ഗാര്‍ഡനിങ്ങിന്‍റെ ഗുണങ്ങള്‍: കൈകാലുകളുടെ പ്രവര്‍ത്തനത്തിന് ഗാര്‍ഡനിങ് ഏറെ ഗുണകരമാണ്. പേശികളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇതിലൂടെ മെച്ചപ്പെടുത്താനാകും. കൈ കാലുകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഗാര്‍ഡനിങ് സഹായകരമാകുമെന്ന് കൻസാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി 2009ല്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Portrait of a simple looking mature Indian woman working in rooftop garden, using a khurpa (trowel like gardening tool with flat metal blade) for digging soil in potted plants.

മാത്രമല്ല നിരവധി പേര്‍ നടത്തുന്ന ഗാര്‍ഡനിങ്ങും ഏറെ മാനസിക ഉല്ലാസം പ്രദാനം ചെയ്യും. ജോലിക്കൊപ്പം പരസ്‌പരം സംസാരിക്കുമ്പോഴെല്ലാം മാനസിക പിരിമുറുക്കം ഒഴിവാക്കാനാകും. സ്വന്തം കൃഷിയിടത്തിലെല്ലാം വിളയുന്ന പച്ചക്കറികളും പഴങ്ങളും പൂക്കളുമെല്ലാം ശരീരത്തിന് ഗുണകരമാകും. വിഷ രഹിത പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ കൂടുതല്‍ ആരോഗ്യം കൈവരിക്കാനാകും. വിളകളില്‍ പൂക്കളും കായ്‌കളും ഉണ്ടാകുമ്പോള്‍ അത് ആത്മാഭിമാനം ഉയര്‍ത്തുമെന്നും പഠനങ്ങളില്‍ കാണാം.


Read Previous

രാത്രിയിൽ മുട്ട കഴിക്കാറുണ്ടോ? വിദഗ്ധർ പറയുന്നത്

Read Next

വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം, മൊബൈൽ നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കണം; പുതുവത്സരാഘോഷത്തിൽ കർശന നടപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »