
പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒരു പുതുവര്‍ഷം കൂടി പിറന്നു. ലോകത്തിന്‍റെ നാനാഭാഗങ്ങളിലും പുതുവര്‍ഷം ആഘോഷിക്കുകയാണ് ജനങ്ങള്‍. ക്രിസ്‌മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യന്‍ സമയം 3.30നായിരുന്നു മധ്യ പസഫിക് ദ്വീപ് രാഷ്‌ട്രമായ കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നത്.
കരിമരുന്ന് പ്രയോഗം, പ്രാര്‍ഥന ചടങ്ങുകള്‍, വിവിധ സത്‌കാരങ്ങള്‍, പരമ്പരാഗത നൃത്തം സംഗീതം എന്നിവയോടെയാണ് കിരിബാത്തിക്കാര്‍ പുതുവര്‍ഷത്തെ വരവേറ്റത്. കേരളത്തിലും പുതുവര്‍ഷത്തെ ആഘോഷപൂര്‍വ്വമാണ് ജനം വരവേറ്റത്. ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ വലിയ ആഘോഷങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
ഗാലാഡി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ പപ്പാഞ്ഞിയെ കത്തിച്ചാണ് ഫോര്‍ട്ട് കൊച്ചിയില്‍ ആഘോഷം നടന്നത്. ഇത്തവണ 48 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് കൊച്ചിയിലെ ആഘോഷത്തിന്‍റെ ഭാഗമായി അഗ്നിക്കിരയായത്. പോര്‍ച്ചുഗീസ് വയോധികന്‍റെ മുഖച്ഛായയുള്ള പപ്പാഞ്ഞിയെയാണ് ഇത്തവണ ഒരുക്കിയിരുന്നു.
വര്‍ഷം തോറും കൊച്ചി കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്. എന്നാല്‍ ഇത്തവണ ഗാലാഡി കമ്മിറ്റിയാണ് ഇത് ഏറ്റെടുത്തത്. അതിന് കാരണമാകട്ടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ നിര്യാണമാണ്.
ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ഒരാഴ്‌ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ കാര്‍ണിവല്‍ കമ്മിറ്റി ആഘോഷ പരിപാടികളെല്ലാം വേണ്ടെന്ന് വച്ചു. തുടര്‍ന്നാണ് ഗാലാഡി കമ്മിറ്റി ഇതെല്ലാം ഏറ്റെടുത്തത്. അതേസമയം നാളെ (ജനുവരി 2) കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ണിവല്‍ റാലി നടത്തും.
കൊച്ചിയിലെ ആഘോഷം പൊലീസ് വലയത്തില്‍: ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും വന്‍ പൊലീസ് സുരക്ഷയിലാണ് ആഘോഷങ്ങള്‍ നടന്നത്. 1000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും വിന്യസിച്ചിരുന്നത്.
മലയാളമിത്രത്തിൻറെ എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ