തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ, ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വാഴ്‌ത്ത് പാട്ട്: കുപിതനായി നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ച് ഗവർണർ


ചെന്നൈ: തമിഴ്‌നാട് നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തില്‍ നാടകീയ രംഗങ്ങള്‍. ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വാഴ്ത്ത് പാടിയതില്‍ കുപിതനായി നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി. തമിഴ്‌നാട് നിയമസഭ ഭരണഘടനയെയും ദേശീയ ഗാനത്തെയും ഒരിക്കല്‍ കൂടി അപമാനിച്ചുവെന്ന് പിന്നീട് രാജ്‌ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഗവര്‍ണര്‍ ആരോപിച്ചു.

നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ പൊന്നാടയണിച്ചാണ് സ്‌പീക്കര്‍ എം അപ്പാവു സ്വീകരിച്ചത്. ദേശീയ ഗാനത്തെ മാനിക്കണമെന്നത് ഭരണഘടനയില്‍ പറയുന്ന പ്രാഥമിക കര്‍ത്തവ്യ മാണ്. പാര്‍ലമെന്‍റില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം തുടങ്ങുന്നതും അവസാനിക്കുന്നതും ദേശീയ ഗാനാലാപനത്തോടെയാണ്. സംസ്ഥാന നിയമസഭകളും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍റെ തുടക്ക ത്തിലും സമാപനത്തിലും ഇത് ആവര്‍ത്തിച്ച് പോരുന്നു.എന്നാല്‍ തമിഴ്‌നാട് നിയമസഭയില്‍ ഗവര്‍ണര്‍ എത്തിയപ്പോള്‍ അവിടെ തമിഴ് തായ് വാഴ്‌ത്താണ് ആലപിച്ചത്. അത് അവസാനിക്കും വരെ ഗവര്‍ണര്‍ കാത്തു നിന്ന ശേഷം ദേശീയഗാനം കൂടി ആലപിക്കണമെന്ന് സ്‌പീക്കറോടും മുഖ്യമന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം ഇവര്‍ നിരസിച്ചു.

ഇത് വലിയ ആശങ്കയുണര്‍ത്തുന്ന കാര്യമാണെന്ന് രാജ്‌ഭവന്‍റെ പ്രസ്‌താവനയില്‍ പറയുന്നു. ഭരണഘടനയോടും ദേശീയഗാനത്തോടും ഒരു പാര്‍ട്ടിയും ഇത്തരം നിലപാട് കൈക്കൊള്ളരുതെന്നും രാജ്‌ഭവന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഗവര്‍ണര്‍ സഭ വിട്ടു പോയതോടെ നയപ്രഖ്യാപനത്തിന്‍റെ തമിഴ്‌ മൊഴിമാറ്റം സ്‌പീക്കര്‍ വായിച്ചു. കഴിഞ്ഞ കൊല്ലവും നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ പാതിയില്‍ നിര്‍ത്തിയിരുന്നു. പ്രഖ്യാപനത്തിലെ ചില പരാമര്‍ശങ്ങളോടുള്ള അതൃപ്‌തി കാരണമായിരുന്നു ഇത്.

നേരത്തെ സ്‌പീക്കര്‍ തന്‍റെ സ്വാഗത പ്രസംഗം നടത്തുന്നതിനിടെ എഐഎഡിഎംകെ, കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളിയുമായി സ്‌പീക്കറുടെ ചേമ്പറിലെത്തി. അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ വിഷയം ചൂണ്ടിക്കാട്ടി ‘നമ്മുടെ പെണ്‍മക്കളെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം വിളിയോടെ ആയിരുന്നു ഇവരുടെ പ്രതിഷേധം. പ്രതിഷേധിച്ച എഐഎഡിഎംകെ അംഗങ്ങളെ സ്‌പീക്കര്‍ എം അപ്പാവു പുറത്താക്കി.


Read Previous

നിമിഷപ്രിയ ഹൂതി വിമതരുടെ കസ്റ്റഡിയിൽ; വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി, ഇറാന്റെ സഹായം വഴി മാത്രമേ നിമിഷപ്രിയയുടെ കേസിൽ ഇനി ഇടപെടൽ സാധ്യമാകൂ

Read Next

രാജ്യത്ത് രണ്ട് കുഞ്ഞുങ്ങൾക്ക് എച്ച്എംപിവി സ്ഥിരീകരിച്ച് ഐസിഎംആർ; കുട്ടികൾ സുഖം പ്രാപിച്ച് വരുന്നു, റിപ്പോർട്ട്‌ ചെയ്തത് കർണാടകയിൽ, ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »