മുഖ്യമന്ത്രി ഹണി റോസിനെ വിളിച്ചു, ശക്തമായ നടപടി ഉറപ്പുനൽകി; സംരക്ഷണം നൽകിയ സർക്കാരിന് നന്ദിയെന്ന് നടി


കൊച്ചി: താന്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ വേഗത്തില്‍ നടപടി വന്നത് ഏറെ ആശ്വാസകരമെന്ന് നടി ഹണി റോസ്. ആര്‍ക്കും എന്തും പറയാമെന്നതിന് മാറ്റം വരുമെന്നുറപ്പായി. ഇപ്പോള്‍ അതിയായ സന്തോഷവും സമാധാനവും തോന്നുന്നുണ്ടെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു. ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്.

‘എന്നെ സംബന്ധിച്ച് എനിക്ക് സംരക്ഷണം നല്‍കുന്ന സര്‍ക്കാരും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും ഉള്ള, അങ്ങനെ ഒരു സംസ്ഥാനത്ത്, അങ്ങനെ ഒരു രാജ്യത്ത് ആണ് ജീവിക്കുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. ആ ബോധ്യം ഉള്ളതു കൊണ്ട് തന്നെയാണ് യുദ്ധത്തിന് ഇറങ്ങി തിരിച്ചത്. തുടര്‍ച്ചയായി സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ ആവര്‍ത്തിക്കരുത്, ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞിട്ടും ഇതിലും മോശമായ രീതിയില്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. അപ്പോള്‍ മുതല്‍ ഇത് പണത്തിന്റെ ഹുങ്ക് ആണ്, വെല്ലുവിളിയാണെന്ന് എനിക്ക് തോന്നി. അപ്പോഴാണ് എല്ലാത്തിനും ഒരു അവസാനം വേണം. അതുകൊണ്ടാണ് ഒരു യുദ്ധത്തിനായി ഇറങ്ങാമെന്ന് തീരുമാനിച്ചത്.’- ഹണി റോസ് പറഞ്ഞു.

‘ഇപ്പോള്‍ അതിയായ സന്തോഷവും സമാധാനവും തോന്നുന്നു. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അതനുസരിച്ച് ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരം കിട്ടി.അപ്പോള്‍ എനിക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പറഞ്ഞു. കുടുംബത്തിന് ഉണ്ടായ പ്രയാസങ്ങളും പറഞ്ഞു.നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കാര്യക്ഷമമായ സംവിധാനം ഉള്ളതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത്. ഇപ്പോള്‍ എന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിന്റെ കമന്റ് സെക്ഷന്‍ കാണുമ്പോള്‍ സന്തോഷമാകുന്നു എന്നാണ് ആരാധകര്‍ ഇപ്പോള്‍ വിളിച്ചു പറയുന്നത്. ഇത് ഒരു മാറ്റമായി കാണുന്നു. സ്വകാര്യത സംരക്ഷിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്’- ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍

നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് കൊച്ചി പൊലീസാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തില്‍ സെന്‍ട്രല്‍ സിഐയും സൈബര്‍ സെല്‍ അംഗങ്ങളും ഉള്‍പ്പെടുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പൊലീസിന് പരാതി നല്‍കുന്നത്. തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും അശ്ലീല ചുവയോടെയുള്ള ദ്വയാര്‍ഥ പദപ്രയോഗങ്ങള്‍ നടത്തു ന്നുവെന്നും കാണിച്ചാണ് നടി പരാതി നല്‍കിയത്. ബോബി ചെമ്മണൂരിനെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ ഇന്ന് ഹണി റോസിന്റെ മൊഴി എടുക്കും. ഇതിന് ശേഷം ബോബി ചെമ്മണൂരി നെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ നീക്കം.

ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസുകളില്‍ ഫെയ്സ്ബുക്കില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പൊലീസിന് മൊഴി നല്‍കിയ ഹണിറോസ് ഇന്‍സ്റ്റാഗ്രാമില്‍ അടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കം കൈമാറിയിട്ടുണ്ട്. നടിക്കെതിരെ അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.


Read Previous

എൻഎം വിജയനുമായി ബന്ധപ്പെട്ട കോഴ ആരോപണം: പൊലീസ് കേസെടുത്തു; കെപിസിസി അന്വേഷണ സമിതി വയനാട്ടിൽ

Read Next

ഒരു സഹോദരി എന്ന നിലയ്ക്കാണ് അവരെ കണ്ടത്’; ജയിലിൽ എത്തി പെരിയക്കേസ് പ്രതികളെ കണ്ട് പികെ ശ്രീമതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »