ഒരു യുദ്ധം ജയിച്ചതിൻറെ ആഹ്ലാദത്തിലല്ല താൻ; നിവർത്തി കെട്ടാണ് പ്രതികരിച്ചത്” ഹണി റോസ്


കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് താരം. ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ലാദത്തിലല്ല താനെന്നും നിവർത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് പറഞ്ഞു. ആരെയും ഉപദ്രവിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരുടേയും വേദനയില്‍ താന്‍ ആഹ്ളാദിക്കുകയും ഇല്ലെന്നും താരം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

“ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ളാദത്തിലല്ല ഞാന്‍. നിര്‍ത്താതെ പിന്നെ പിന്നെ പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തികെട്ട് ഞാന്‍ പ്രതികരിച്ചതാണ്. പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയില്‍ ഞാന്‍ ആഹ്ളാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഉള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്. സത്യത്തിനും”.

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വയനാട്ടില്‍ നിന്നാണ് കൊച്ചി പോലീസ് ബോബിയെ കസ്റ്റഡിയില്‍ എടുത്തത്.‌ ഭാരതീയ ന്യായ സംഹിതയിലെ 75ാം വകുപ്പ് പ്രകാരം ലൈംഗീഗാതിക്രമം ഐടി ആക്ടിലെ 67 ാം വകുപ്പ് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

തുടർന്ന് ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കിയ ബോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 2 ആണ് ജാമ്യാപേക്ഷ തള്ളിയത്. ബോബിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എന്നാൽ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റുന്നതിനിടെയിൽ ബോബി കോടതി മുറിയിൽ തല കറങ്ങി വീണു. വിധി കേൾക്കുന്ന സമയത്ത് രക്ത സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് വീണത്. തുടർന്ന് ബോചെയെ തൊട്ടടുത്ത മുറിയിലേക്ക് മാറ്റി വിശ്രമം ഏർപ്പെടുത്തി. വിദഗ്ധ പരിശോധനയ്ക്കായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടുപോയി. ഇതിനിടെ ബോബിക്കൊപ്പം ഉണ്ടായിരുന്ന ആളുകള്‍ പോലീസ് വാഹനത്തിനു നേരെ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.


Read Previous

രാജീവനയനേ നീയുറങ്ങൂ..പി ജയചന്ദ്രൻറെ നിര്യാണത്തിൽ അനുശോചിച്ച് കിയ റിയാദ്

Read Next

പി ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിൽ; സംഗീത നാടക അക്കാദമയിൽ പൊതുദർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »