ഗോപൻ സ്വാമിയുടെ ‘കല്ലറ’ തുറക്കാൻ കലക്ടറുടെ ഉത്തരവ്; പൊലീസ് സന്നാഹം


തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. സബ് കലക്ടര്‍ ആല്‍ഫ്രഡിന്റെ സാന്നിധ്യത്തിലാകും കല്ലറ തുറന്ന് പരിശോധിക്കുക. ഇന്നു തന്നെ കല്ലറ തുറക്കും. ഇതിനു മുന്നോടിയായി സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കല്ലറ തുറക്കാന്‍ അനുമതി തേടി പൊലീസ് നേരത്തെ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.

ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് കല്ലറയില്‍ അടച്ചുവെന്നാണ് ഗോപന്‍ സ്വാമിയുടെ മകനും വീട്ടുകാരും പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധുവിന്റെ മൊഴി. കിടപ്പിലായിരുന്ന ഗോപന്‍ സ്വാമിയെ വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നതായും ബന്ധു പൊലീസിനോട് പറഞ്ഞു.

വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്. കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയും, ഗോപന്‍ സ്വാമി മരിച്ചതിനു ശേഷമാണോ, അതിനു മുമ്പാണോ കല്ലറയില്‍ അടക്കിയതെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തുടര്‍നടപടിയിലേക്ക് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്.

ഗോപന്‍ സ്വാമി സമാധിയായതാണെന്നും, സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നുമാണ് കുടുംബം പറയുന്നത്. ഭര്‍ത്താവ് കിടപ്പ രോഗിയായിരുന്നില്ല, നടക്കുമായിരുന്നുവെന്ന് ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നില്‍. ബന്ധുകള്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപന്‍സ്വാമിയുടെ മകന്‍ രാജസേനന്‍ പറഞ്ഞു.


Read Previous

എൺപതോളം എഴുത്തുകാരുടെ കവിതാസമാഹാരം; “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം ചെയ്തു.

Read Next

ഓം നമശ്ശിവായ’ ചൊല്ലി ഗോപൻ സ്വാമിയുടെ ഭാര്യ; വിശുദ്ധ ‘കല്ലറ’ പൊളിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം; സമാധിക്ക് മുന്നിൽ കിടന്ന് പ്രതിഷേധം, നാടകീയരംഗങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »