സൗദിയിൽ ഒരാഴ്ചയ്ക്കിടയിൽ അറസ്റ്റിലായത് 21,000ത്തിലേറെ പ്രവാസികൾ; 12,000ത്തോളം പേരെ നാടുകടത്തി


റിയാദ്: സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 21,485 പ്രവാസികള്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ ജനുവരി 9 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. നേരത്തേ പല കാരണങ്ങളാല്‍ പിടികൂടപ്പെട്ട 11,955 പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കു ള്ളില്‍ സൗദി അധികൃതര്‍ നാടുകടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായവരിലും നാടുകട ത്തപ്പെട്ടവരിലും നിരവധി ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാനിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പ്രവാസികള്‍ പിടിയി ലായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 13,562 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 4,853 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,070 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പിടികൂടപ്പെട്ടത്.

അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,568 പേരെ സുരക്ഷാ അധികൃതര്‍ പിടികൂടിയതായും മന്ത്രാലയം അറിയിച്ചു. ഇവരില്‍ 50 ശതമാനം എത്യോ പ്യക്കാരും 47 ശതമാനം യെമനികളും ബാക്കി മൂന്നു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. നിയമവിരുദ്ധമായി രാജ്യത്ത് നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച 64 പേരും പിടിയിലായവരില്‍ ഉള്‍പ്പെടും. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെ സഹായിച്ച 16 പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

പുതുതായി അറസ്റ്റിലായവര്‍ക്കു പുറമെ, 33,007 പ്രവാസികള്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 30,335 പേര്‍ പുരുഷന്‍മാരും 2,672 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 25,164 പേരെ നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 2,864 പേര്‍ക്ക് അവരുടെ യാത്രാ ബുക്കിങ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമ ലംഘകരെ സഹായിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയു മാണ് ശിക്ഷ. മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലും രാജ്യത്തിൻ്റെ മറ്റ് പ്രദേശങ്ങളില്‍ 999 എന്ന നമ്പരിലും വിളിച്ച് ഇത്തരം നിയമം ലംഘകരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.


Read Previous

അമിത് ഷാ കൊലപാതകിയെന്ന പരാമർശം; മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം, നടപടി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

Read Next

ഒരുവട്ടം കൂടി’; അധികാരമേറ്റ് ട്രംപ്; ഉത്സവമാക്കി സത്യപ്രതിജ്ഞ; വിഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »