ഒരുവട്ടം കൂടി’; അധികാരമേറ്റ് ട്രംപ്; ഉത്സവമാക്കി സത്യപ്രതിജ്ഞ; വിഡിയോ


വാഷിങ്ടണ്‍: യുഎസില്‍ രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. അതിശൈത്യത്തെ തുടര്‍ന്ന് ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു.

ബൈഡനൊപ്പം ഒരേവാഹനത്തിലാണ് സത്യപ്രതിജ്ഞയ്ക്കായി ട്രംപ് എത്തിയത്. 1861ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ച ബൈബിള്‍ തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്റ് ജെഡി വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്

സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വൈറ്റ് ഹൗസിലെത്തിയ ട്രംപിനെയും ഭാര്യ മെലാനിയയെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും ഭാര്യ ഉഷ വാന്‍സിനെയും അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് സ്വീകരിച്ചു. വൈറ്റ് ഹൗസിലെ ചായ സല്‍ക്കാരത്തില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും പങ്കെടുത്തു. വാഷിങ്ടണ്‍ ഡിസിയിലെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമാണ് ട്രംപും വാന്‍സും കുടുംബങ്ങളും എത്തിയത്.

ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പങ്കെടുത്തു. വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങിനെത്തി. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്, മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് എന്നിവരും പങ്കെടുത്തു.

2017-2021 കാലത്ത് പ്രസിഡന്റായിരുന്ന ട്രംപ് നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടുമെത്തുന്നത്. ട്രംപിന്റെ രണ്ടാം വരവ് അമേരിക്കയ്ക്ക് വന്‍ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.


Read Previous

സൗദിയിൽ ഒരാഴ്ചയ്ക്കിടയിൽ അറസ്റ്റിലായത് 21,000ത്തിലേറെ പ്രവാസികൾ; 12,000ത്തോളം പേരെ നാടുകടത്തി

Read Next

അമേരിക്കയുടെ സുവർണ്ണകാലം ഇവിടെ ആരംഭിക്കുന്നു: ആദ്യ പ്രസംഗത്തിൽ പ്രസിഡൻ്റ് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »