ട്രംപിന് ആദ്യ പ്രഹരം; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്റ്റേ


വാഷിങ്‌ടണ്‍ : അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ആദ്യ തിരിച്ചടി. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഉത്തരവ് കോടതി സ്റ്റേ ചെയ്‌തു. സിയാറ്റിലിലെ ഫെഡറല്‍ ജഡ്‌ജിന്‍റേതാണ് ഉത്തരവവ്. 14 ദിവസത്തേക്ക് നടപടികള്‍ സ്റ്റേ ചെയ്‌തു.

ഇന്നലെ ആണ് പ്രസ്‌തുത വിഷയം സംബന്ധിച്ച കേസ് കോടതി പരിഗണിച്ചത്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്‌ജ് ജോണ്‍ കോഗ്‌നോര്‍ നിരീക്ഷിച്ചു.

ഉത്തരവില്‍ പ്രസിഡന്‍റ് ഒപ്പുവയ്‌ക്കാന്‍ തീരുമാനിച്ചപ്പോള്‍ അഭിഭാഷകര്‍ എവിടെയായിരുന്നു എന്ന് ജഡ്‌ജ് ചോദിച്ചു. ബാറിലെ ഒരംഗം ഈ ഉത്തരവ് ഭരണഘടനാപരമാണെന്ന് അവകാശപ്പെടുന്നത് തന്നെ വല്ലാതെ അമ്പരിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ മണ്ണില്‍ പിറന്നുവീഴുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും പൗരത്വം ഉറപ്പുനൽകുന്നതും അതിന്‍റെ അധികാരപരിധിക്ക് വിധേയവുമായ ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്നമായ ലംഘനമാണ് ട്രംപിന്‍റെ ഉത്തരവെന്നായിരുന്നു ജഡ്‌ജ് വിശദീകരിച്ചത്. വാഷിങ്‌ടണ്‍, ഒറിഗോണ്‍, അരിസോണ, ഇല്ലിനോയിസ് എന്നീ സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരമാണ് കേസ് കോടതി പരിഗണിച്ചത്.

അമേരിക്കന്‍ പ്രസിഡന്‍റായി അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലാത്തപക്ഷം അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് അമേരിക്കന്‍ പൗരത്വം ലഭിക്കില്ല. ഉത്തരവ് ഫെബ്രുവരി 20ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഡമോക്രാറ്റിക് നേതൃത്തത്തിലുള്ള സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്.


Read Previous

പൊതുജനമധ്യത്തിൽ അപമാനിച്ചു’; സാന്ദ്ര തോമസിന്റെ പരാതിയിൽ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

Read Next

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ; സ്വപ്‌നങ്ങളും അഭിലാഷങ്ങളും വളരട്ടെ…’: ഇന്ന് ദേശീയ ബാലികാദിനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »