ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ് : മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെ ആഭിമുഖ്യത്തിൽ പ്രവാസി മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇസ്മ മെഡിക്കൽ സെന്ററുമായി (അൽ ഖലീജ് ഇസ്ബീലിയ ) സഹകരിച്ച് സംഘടിപ്പിക്കുന്ന ‘പരിരക്ഷ 2025’ ത്രൈമാസ ആരോഗ്യ ക്യാമ്പയിൻ 2025 ജനുവരി 30ന് വ്യാഴാഴ്ച വൈകീട്ട് ക്യാമ്പയിൻ ഉദ്ഘാടനം ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഇസ്മ മെഡിക്കൽ സെന്റെര് പ്രതിനിധികള്‍ക്കൊപ്പം കെ എം സി സി ഭാരവാഹികള്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്യാമ്പയിനിൻ്റെ ഭാഗമായി ജനുവരി 31ന് റിയാദിലെ പ്രമുഖ ഡോക്ടർമാരും മെഡിക്കൽ ട്രൈനർമാരും പങ്കെടുക്കുന്ന ആരോഗ്യ സെമിനാർ സംഘടിപ്പിക്കും. സെമിനാറിൽ ഇസ്മ മെഡിക്കൽ സെന്ററിലെ ജനറൽ ഫിസിഷ്യൻ ഡോ. സുമി തങ്കച്ചൻ ‘പ്രവാസി ജീവിതത്തിലെ ആരോഗ്യ വെല്ലുവിളികളും പരി ഹാരങ്ങളും’ എന്ന വിഷയം അവതരിപ്പിക്കും. പ്രശസ്ത ലൈഫ് കോച്ച് സുഷമ ഷാൻ ‘ലഹരി ചുഴിയിൽ അടി തെറ്റുന്ന പ്രവാസം’ എന്ന വിഷയവും, പ്രഗല്ഭ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫാത്തിമ റൈഹാൻ ‘പ്രവാസികളിലെ മാനസിക സമ്മർദ്ദം’ എന്ന വിഷയവും അവതരിപ്പിക്കും.
ഫെബ്രുവരി 14ന് ഇസ്മ മെഡിക്കൽ സെന്ററിൽ വെച്ച് മുൻകൂട്ടി റജിസ്റ്റർ ചെയ്ത 300 പേർക്കായി വിപുലമായ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ നടക്കുന്ന അഡ്വാൻസ്ഡ് മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി അതിനൂതന ടെക്നോളജിയോട്കൂടിയ മെഡിക്കൽ എക്യുപ്മെന്റുകളുടെ സഹായത്തോടെ ഹൃദയം, കിഡ്നി, കണ്ണ് എന്നിവയുൾപ്പെടെയുള്ള പരിശോധനകളും മലയാളി നേത്ര രോഗ വിദഗ്ധർ അടക്കം പ്രഗല്ഭരായ ഡോക്ടർമാരുടെയും സേവനവും ലഭ്യമാകും . കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു വർഷത്തേക്ക് മാസത്തിൽ ഒരിക്കൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും അടിസ്ഥാന ആരോഗ്യ പരിശോധനകളും ലഭിക്കും. ഇൻഷൂറൻസ് പരിരക്ഷ ഇല്ലാത്തവർക്കും വിസിറ്റിംഗ് വിസക്കാർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
റിയാദിന്റെ ഏത് ഭാഗത്തു നിന്നും അനായാസേന പുതിയ മെട്രോ സംവിധാനം വഴി ക്യാമ്പിലേക്ക് എത്തിപ്പെടാൻ കഴിയുമെന്നതും വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണെന്നതും ക്യാമ്പി ന്റെ പ്രത്യേകതയാണ്. മെട്രോയുടെ ചുവന്ന ലൈനിലെ സ്റ്റേഷൻ നമ്പർ 23 ൽ നിന്നും നൂറ് മീറ്റർ ദൂര പരിധിയിലാണ് ഇസ്മാ മെഡിക്കൽ സെന്റർ നിലകൊള്ളുന്നത്. ഏപ്രിൽ 25ന് വൈകുന്നേരം 7 മണിക്ക് സുലൈ വൈറ്റ് പാലസ് ഇസ്തിറാഹയിൽ വച്ച് പ്രമുഖ ആരോഗ്യ പരിശീലകരുടെ നേതൃത്വത്തിൽ ഒരു വെൽനസ് വർക്ക്ഷോപ്പും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
തൊഴിൽ കേസുകൾ, ജയിൽ കേസുകൾ, മരണ കേസുകൾ, നിയമപരമായ പ്രശ്നങ്ങൾ എല്ലാം കൈകാര്യം ചെയ്യുന്നതിന് വ്യത്യസ്ത ടീമുകളായി തിരിച്ച് 16 മണ്ഡലങ്ങളിൽ നിന്നായി പ്രാപ്തരായ 90 വളണ്ടിയേഴ്സും ”ഡ്യൂ ഡ്രോപ്സ് ” എന്നപേരിൽ നൂറിലധികം വളണ്ടിയേഴ്സിനെ ഉൾപ്പെടുത്തി രക്തദാന സേനയും മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ‘ദി വോയേജ് ’ ക്യാമ്പയിനിന്റെ ഭാഗമായാണ് വെൽഫെയർ വിംഗ് ‘പരിരക്ഷ 2025 ’ ആരോഗ്യ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 2018 മാർച്ച് മാസത്തിലെ ലോക കിഡ്നി ദിനത്തിൽ തുടക്കം കുറിച്ച ‘പരിരക്ഷ’ ക്യാമ്പയിൻ വഴി, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽ ഫെയർ വിംഗ് മുൻ വർഷങ്ങളിൽ ബത്തയിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കിന്റെ സഹായത്തോടെ നടത്തിയ കിഡ്നി പരിശോധനയിൽ റിയാദ് നഗരത്തിലെ കുറഞ്ഞ വേതനം ലഭിക്കുന്ന പ്രവാസി മലയാളികളിൽ നിരവധി പേർക്ക് തങ്ങളുടെ വൃക്ക രോഗത്തെക്കുറിച്ച് അറിയുവാനും അത് വഴി പ്രാഥമിക ചികിത്സ നേടുവാനും സാധിച്ചിട്ടുണ്ട്. തുടർ ചികിത്സയ്ക്കുള്ള നിർദ്ദേശങ്ങൾ നൽകാനും ക്യാമ്പയിനിന്റെ ഭാഗമായി സാധിച്ചു. ഈ വിജയകരമായ പദ്ധതിയാണ് ക്യാമ്പയിൻ പ്രതിവർഷം നടത്താൻ പ്രചോദിപ്പിച്ചതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ ഇസ്മ മെഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ അഷ്റഫ് വി എം, ഇസ്മ മെഡിക്കൽ സെന്റർ ബിസിനസ് ഡവലപ്മെന്റ് മാനേജർ ഫാഹിദ് സി കെ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ട്രഷറർ മുനീർ വാഴക്കാട്, വെൽഫെയർ വിംഗ് ഭാരവാഹികളായ ജാഫർ വീമ്പൂർ, ഇസ്മായിൽ പടിക്കൽ, ഹാഷിം കോട്ടക്കൽ, എന്നിവർ പങ്കെടുത്തു.