മെയ്‌ക്ക് ഇൻ ഇന്ത്യ പരാജയം, സാങ്കേതിക രംഗത്തെ വിപ്ലവം അവകാശവാദം മാത്രം’; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ ലോക്‌സഭയിൽ ബഹളം


ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ ആരോപണങ്ങളുമായി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗം. തെരഞ്ഞെടുപ്പിന് മുന്‍പ് 400 സീറ്റ് നേടുമെന്ന് അവകാശപ്പെട്ട മോദിക്ക് തെരഞ്ഞെടുപ്പിന് ശേഷം ഭരണഘടനയെ വണങ്ങേണ്ടി വന്നെന്ന് രാഹുൽ പറഞ്ഞു. ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുക്കവേയായിരുന്നു രാഹുലിന്‍റെ പ്രതികരണം.

മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ബിജെപി വന്‍ അട്ടിമറി നടത്തിയതായും രാഹുൽ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനുമിടയിൽ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി 70 ലക്ഷം പുതിയ വോട്ടർമാർ വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ആരെയാണ് ചേർത്തതെന്നും എവിടെയാണെന്നും അറിയാന്‍ കഴിയുന്ന തരത്തിൽ കോൺഗ്രസ്, ശിവസേന, എൻസിപി പാർട്ടികള്‍ക്ക് പുതിയ വോട്ടർമാരുടെ ഡാറ്റ നൽകണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

സാങ്കേതിക രംഗത്തെ വിപ്ലവം അവകാശവാദം മാത്രമാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ അടിസ്ഥാനം ഡാറ്റയാണ്. അത്രയും നേട്ടം രാജ്യം കൈവരിച്ചിട്ടില്ല. ഡാറ്റയെല്ലാം ചൈനയുടെയും അമേരിക്കയുടെയും കൈകളിലാണ്. ഈ രംഗത്ത് ഇന്ത്യയേക്കാള്‍ 10 വർഷം മുന്‍പിലാണ് ചൈനയെന്നും രാഹുൽ പറഞ്ഞു.

‘തെലങ്കാനയിൽ ജാതി സെന്‍സസ് നടപ്പാക്കി. സർവേ ഫലങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. തെലങ്കാന യിലെ ഏകദേശം 90% പേരും ദളിതരോ ആദിവാസികളോ പിന്നാക്കക്കാരോ ന്യൂനപക്ഷങ്ങളോ ആ ണെന്ന് കണ്ടെത്തി. രാജ്യമെമ്പാടും അങ്ങനെയാണെന്ന് എനിക്ക് പൂർണമായും ബോധ്യമുണ്ട്. ഇത് രാജ്യത്ത് മൊത്തം നടപ്പാക്കണം. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളുടെ തലപ്പത്തൊന്നും പിന്നാക്കകാരില്ല. പിന്നാക്ക വിഭാഗക്കാരെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ടെന്നും’ രാഹുൽ പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ മോദി സർക്കാരിന് കഴിഞ്ഞില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ സമ്പൂർണ പരാജയമാണ്. ഇതുകൊണ്ടാണ് ചൈനീസ് പട്ടാളത്തിന് ഇന്ത്യന്‍ മണ്ണിൽ കടന്നുകയറാന്‍ ധൈര്യം ലഭിച്ചത് എന്നും രാഹുൽ പറഞ്ഞു. രാഹുലിന് വിവരങ്ങള്‍ എവിടെ നിന്നു കിട്ടിയെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സഭയിൽ ചോദിച്ചു. പദവിയുടെ ഗൗരവം കാണിക്കണ മെന്നും കിരണ്‍ റിജിജു രാഹുലിനോട് പറഞ്ഞു. രാഹുലിന്‍റെ പ്രസംഗത്തിനിടെ സഭയിൽ ഭരണ പ്രതിപക്ഷ ബഹളം ഉണ്ടായി.


Read Previous

കേരളത്തോട് പുച്ഛമാണ് അവര്‍ക്ക്: ഇവരുടെ തറവാട്ടില്‍ നിന്നുകൊണ്ടു തരുന്നതല്ല; ഏതുകാലത്താണ് ഇവരൊക്കെ ജീവിക്കുന്നത്’ വി ഡി സതീശന്‍.

Read Next

‘ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അടുപ്പം; മമ്മൂട്ടിയെ കാണാനെത്തി ഓസ്ട്രേലിയയിലെ ആദ്യ മലയാളി മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »