നെതർലൻഡ്സ്: നെതർലൻഡ്സിലെ വിജ്ക് ആൻ സീയിൽ നടന്ന ആവേശകരമായ ടൈബ്രേക്കറിൽ ലോക ചാമ്പ്യൻ ഡി ഗുകേഷിനെ പരാജയപ്പെടുത്തി ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് കിരീടം ചൂടി. 2006ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ.
നാടകീയമായ ഫൈനൽ റൗണ്ടിലെ ട്വിസ്റ്റുകളുടെയും ടേണുകളുടെയും ബാഹുല്യത്തില്‍ പ്രഗ്നാനന്ദയും ഗുകേഷും ഞായറാഴ്ച്ച നടന്ന അവസാന ക്ലാസിക്കൽ ഗെയിമുകൾ തോൽക്കുകയും 8.5-8.5 പോയിന്റില്‍ ഫിനിഷ് ചെയ്യുകയുമായിരുന്നു.
ടൂർണമെന്റിന്റെ അവസാന റൗണ്ട് വരെ തോൽവിയറിയാതെ നിന്ന ലോക ചാമ്പ്യൻ ഗുകേഷ് ആദ്യമായി ക്ലാസിക്കൽ മത്സരത്തിൽ ഗ്രാൻഡ്മാസ്റ്റർ അർജുൻ എറിഗെയ്സിയോട് 31 നീക്കങ്ങളിൽ തോറ്റപ്പോള്‍ 13-ാം റൗണ്ടിലെ മാരത്തൺ മത്സരത്തിൽ ഗ്രാൻഡ്മാസ്റ്റര്‍ വിൻസെന്റ് കീമറിൽ നിന്ന് പ്രഗ്നാനന്ദിനും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
ടൂർണമെന്റിന്റെ നാടകീയമായ അവസാന ദിവസത്തില്‍ ചെസിലെ ലോക സൂപ്പര്‍ താരങ്ങൾക്ക് ടൈബ്രേക്കർ കളിക്കേണ്ടി വന്നു. മത്സരത്തില്‍ ഇരുവരും മൂന്ന് മിനിറ്റ് വീതമുള്ള രണ്ട് ഗെയിമുകൾ കളിച്ചു. ഓരോ നീക്കത്തിനും ഇടയിൽ രണ്ട് സെക്കൻഡ് വ്യത്യാസമുണ്ടായിരുന്നു.
എന്നാല്‍ സഡൻ ഡെത്തിൽ ഗുകേഷിന് പിഴക്കുകയായിരുന്നു. അവസാന 10 സെക്കൻഡിനുള്ളിൽ പോലും മത്സരം സമനിലയിലേക്ക് നീങ്ങുന്നതായി തോന്നിയെങ്കിലും ഗുകേഷിന്റെ അവസാന അബദ്ധം കാരണം പ്രഗ്നാനന്ദ മത്സരം വിജയിച്ച് കിരീടം നേടി. മാസ്റ്റേഴ്സിലെ തന്റെ ആദ്യ വിജയം ഉറപ്പാക്കാൻ പ്രഗ്നാനന്ദ തികഞ്ഞ സാങ്കേതികതയാണ് പുറത്തെടുത്തത്.
അതേസമയം, ലോക ചാമ്പ്യൻ ഗുകേഷ് തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനത്ത് തുടരുകയും ടൈബ്രേക്കറിൽ പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ എഡിഷനിൽ ചൈനീസ് താരം വെയ് യിയോടാണ് ഗുകേഷിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.