ഡൽഹിയിൽ ഉപരാഷ്ട്രപതിയെ സന്ദർശിച്ച് മമ്മൂട്ടിയും ഭാര്യ സുൽഫത്തും


ന്യൂഡൽഹി: ഉപരാഷ്ട്രപതി ജ​ഗ്‌ദീപ് ധൻകറിനെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടി ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദർശിച്ചത്. ജോണ്‍ ബ്രിട്ടാസ് എംപിക്കൊപ്പമാണ് ഇവര്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയത്. ജോൺ ബ്രിട്ടാസ് ആണ് ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

“മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ സഹധർമിണി സുൽഫത്തിനും ഒപ്പം ഉപരാഷ്ട്രപതിയെ സന്ദർശിച്ചപ്പോൾ…” എന്ന അടിക്കുറിപ്പോടെയാണ് ബ്രിട്ടാസ് ചിത്രങ്ങൾ പങ്കുവച്ചത്. മമ്മൂട്ടിയ്ക്കും ഭാര്യയ്ക്കുമൊപ്പം നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിർമാതാവുമായ ജോർജുമുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേ ഷങ്ങളില്‍ അഭിനയിക്കുന്ന മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.

സിനിമയുടെ ഡല്‍ഹി ഷെഡ്യൂള്‍ ചിത്രീകരണത്തിനായി വെള്ളിയാഴ്ച മോഹന്‍ലാലും എത്തുമെന്നാണ് വിവരം. മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കു ന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനീഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നീണ്ട നാളുകൾക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.


Read Previous

മോളിവുഡിലെ ക്ലാസിക് ക്രിമിനൽ‌ തിരിച്ചു വരുന്നു’! ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ; ഇത്തവണ ഉറപ്പായും ജയിലിൽ പോകുമെന്ന് ആരാധകർ

Read Next

മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »