റിയാദ്: സൗദികിരീടാവകാശി രാജകുമാരന്‍ മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണ പ്രകാരം ഗൾഫ് രാജ്യങ്ങൾ, ജോർദാന്‍, ഈജിപ്ത് എന്നിവയുടെ നേതാക്കൾ റിയാദിൽ സൗഹൃദ കൂടിയാലോചന യോഗം ചേർന്നു. യോഗത്തിൽ വിവിധ പ്രാദേശിക, അന്തർ ദേശീയ വിഷയങ്ങളിൽ കൂടിയാലോചനകളും കാഴ്ചപ്പാടുകളും കൈമാറി. പ്രത്യേകിച്ച് പലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ, ഗാസ മുനമ്പിലെ സംഭവവികാസങ്ങൾ എന്നിവയും ചർച്ച ചെയ്തു. ഈ സാഹചര്യത്തിൽ മാർച്ച് നാലിന് കൈറോയിൽ നടക്കാനിരിക്കുന്ന അടിയന്തര അറബ് ഉച്ചകോടി നടത്തുന്നതിനെ ഭരണാധികാരികൾ സ്വാഗതം ചെയ്തു.

സൗദി കിരീടാവകാശിയുടെ ക്ഷണപ്രകാരം അനൗപചാരിക സൗഹൃദയോഗത്തിൽ പങ്കെടുക്കാൻ ജി.സി.സി, ഈജിപ്ത്, ജോർഡൻ നേതാക്കൾ വെള്ളിയാഴ്ച വൈകീട്ടാണ് റിയാദിലെത്തിയത്.
കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ സബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ, ബഹ്‌റൈൻ കിരീടാവകാശി ശൈഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി, ജോർഡൻ രാജാവ് അബ്ദുള്ള ബിൻ അൽ ഹുസൈൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.