ന്യൂഡൽഹി : ബലപ്രയോഗമില്ലാത്ത, പരസ്‌പരസമ്മതമുള്ള കൗമാര ബന്ധങ്ങളെ അംഗീകരിക്കുകയാണ് സമൂഹവും നിയമവും ചെയ്യേണ്ടതെന്ന് ഡൽഹി ഹൈക്കോടതി. മാനവ വികാസത്തിൽ സ്വാഭാവികമാണ് ഇത്തരം ബന്ധങ്ങളെന്ന് ജസ്റ്റിസ് ജസ്‌മീത് സിംഗ് നിലപാടെടുത്തു. പ്രായപൂർത്തിയാകാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കാമുകനെ പോക്‌സോ കേസിൽ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഈ നടപടിക്കെതിരെ ഡൽഹി സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു വിചാരണക്കോടതി കാമുകനെ കുറ്റവിമുക്തനാക്കിയതെന്ന് ഹൈക്കോടതി വിലയിരുത്തി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കാമുകനെതിരെ പോക്‌സോ കേസെടുത്തത്.

പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തുന്ന കൗമാരപ്രണയിതാക്കളോട് അനുകമ്പയോടെയുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിമിനൽ കേസുണ്ടാകുമെന്ന ഭയമില്ലാതെ പ്രണയിതാക്കൾ അവരുടെ വികാരങ്ങൾ പങ്കുവയ്‌ക്കട്ടെ, ബന്ധങ്ങളിൽ ഏർപ്പെടട്ടെ. സ്‌നേഹം അടിസ്ഥാന മാനുഷിക വികാരമാണ്. കൗമാരക്കാർക്ക് വൈകാരിക ബന്ധത്തിലേർപ്പെടാൻ അവകാശമുണ്ട്. യുവതയുടെ അവകാശത്തെ സമൂഹവും നിയമവും അംഗീകരിക്കണമെന്നും വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചൂഷണം തടയുന്നതിനാണ് നിയമം പ്രാമുഖ്യം നൽകേണ്ടത്. പ്രണയത്തെ ശിക്ഷിക്കാനല്ലെന്നും കൂട്ടിച്ചേർത്തു.