തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം; 30 ൽ 17 ഇടത്ത് വിജയം, എൽഡിഎഫിന്റെ ആറ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു.


തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡി എഫ് മുന്നേറ്റം. ഇടതുമുന്നണി 17 സീറ്റില്‍ വിജയിച്ചു. യുഡിഎഫിന് 12 സീറ്റ് ലഭിച്ചപ്പോള്‍ എസ്ഡിപിഐ ഒരു വാര്‍ഡില്‍ വിജയിച്ചു. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡി എഫ് വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. ഏഴാം വാര്‍ഡില്‍ (രാമപുരം) യുഡിഎഫിന്റെ രജിത ടി ആര്‍ 235 വോട്ടിന് വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തെത്തി യപ്പോള്‍, എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എല്‍ഡിഎഫിന്റെ പക്കല്‍ നിന്നും ആറ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കരുകുളം കൊച്ചുപള്ളി, പത്തനംതിട്ട അയിരൂര്‍, എറണാകുളം അശമന്നൂര്‍ മേതല തെക്ക്, പായിപ്ര, കോഴിക്കോട് പുറമേരി കുഞ്ഞല്ലൂര്‍, മലപ്പുറം തിരുവാനായ എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്. പായിപ്ര പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും സീറ്റ് നിലയില്‍ ഒപ്പത്തിനൊപ്പമാണ്.

മലപ്പുറം കരുളായി പഞ്ചായത്ത് ചക്കിട്ടമല, ആലപ്പുഴ മുട്ടാര്‍ മിത്രക്കരി, മൂവാറ്റുപുഴ നഗരസഭ വാര്‍ഡ് 13 എന്നി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. അതേസമയം ഇടതുമുന്നണി രണ്ട് സീറ്റുകള്‍ പിടിച്ചെ ടുത്തു. തിരുവനന്തപുരം പൂവച്ചല്‍ പുളിക്കോട്, എറണാകുളം പൈങ്ങോട്ടൂര്‍ പനങ്കര വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ വാര്‍ഡ് കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്നും എസ്ഡിപിഐ പിടിച്ചെടുത്തു.

രാമപുരം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഷൈനി, പ്രസിഡന്റ് പദത്തില്‍ ടേം പൂര്‍ത്തിയായിട്ടും രാജിക്ക് തയ്യാറായില്ല. പിന്നീട് കേരള കോണ്‍ഗ്രസ് എം ( ജോസ് കെ മാണി) പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രസിഡന്റായി തുടര്‍ന്നു. ഇതേത്തുടര്‍ന്ന് കൂറുമാറ്റത്തിന് ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശ ഉഫതെരഞ്ഞെടുപ്പിൽ 30 വാർഡുകളിലായി ആകെ 87 സ്ഥാനാർ ത്ഥികളാണ് ജനവിധി തേടിയത്. കാസർകോട് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശേഷിച്ച 28 വാർഡുകളിലായിരുന്നു വോട്ടെടുപ്പ് നടന്നത്.


Read Previous

ഫർസാന വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷനുണ്ടെന്ന പേരിൽ, മൃതദേഹം കസേരയിൽ ഇരിക്കുന്ന നിലയിൽ

Read Next

നാല് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധവുമായി അമേരിക്ക, നടപടി ഇറാൻ എണ്ണക്കമ്പനികളുമായി സഹകരിച്ചതിൻറെ പേരിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »