വിമർശനങ്ങൾക്കെല്ലാം കുറിക്ക് കൊള്ളുന്ന മറുപടിയുമായി ശ്രീക്കുട്ടി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മഹാ കുംഭമേള സമാപിച്ചത്. ആയിരക്കണക്കിന് പേർ പങ്കെടുത്ത മേളയിൽ കേരളത്തിൽ നിന്നുള്ള സാധാരണക്കാരും സിനിമാ- സീരിയൽ താരങ്ങൾ അടക്കമുള്ളവരും പങ്കെടുത്തിരുന്നു. അക്കൂട്ടത്തിൽ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീക്കുട്ടിയും ഉണ്ടായിരുന്നു. കുംഭമേളയിൽ നിന്നുമുള്ള ഫോട്ടോകളും വീഡിയോകളും നടി തന്റെ വ്ലോഗിലൂടെ പങ്കിടുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ വലിയ തോതിലുള്ള വിമർശന കമന്റുകൾ ആയിരുന്നു ശ്രീക്കുട്ടിക്ക് നേരെ വന്നത്.
ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കെല്ലാം കുറിക്ക് കൊള്ളുന്ന മറുപടിയുമായി ശ്രീക്കുട്ടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ‘നിങ്ങൾക്കൊക്കെ അല്പമെങ്കിലും, ലവലേശം ഉളുപ്പുണ്ടോ, നാണമുണ്ടോ! കഷ്ട്ടം’, എന്ന് കുറിച്ചു കൊണ്ടാണ് വിമർശകർക്ക് ശ്രീക്കുട്ടി മറുപടി നൽകിയത്. കുംഭമേളയിൽ പങ്കെടുക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞ ശ്രീക്കുട്ടി എന്നാൽ നൂറിൽ അറുപത് ശതമാനം പേരും വിമർശിച്ചുവെന്ന് പറയുന്നു.
‘ഞങ്ങൾ കുംഭമേളയിൽ പോയി വന്നിട്ട് രണ്ടാഴ്ച ആകുന്നു. ഇതുവരെ ജലദോഷമോ, ചുമയോ, പനിയോ ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. കമന്റ് ഇടുന്നവർ ചൊറിയുന്നവർ അല്ലാണ്ട് ഞങ്ങൾക്കൊരു ചൊറിച്ചിലും ഉണ്ടായില്ല. ത്രിവേണി സംഗമത്തിലാണ് സ്നാനം ചെയ്തത്. അന്നത്തെ ദിവസം കുളിക്കാൻ പറ്റിയില്ല. രണ്ട് ദിവസം കഴിഞ്ഞാണ് കുളിച്ചത്. സോപ്പ് പോലും ഉപയോഗിച്ചില്ല. വെറുതെ ഒന്ന് മുങ്ങി കുളിച്ച് വന്നതേ ഉള്ളു. നിങ്ങളീ പറയുന്ന മോശം വെള്ളത്തിൽ ഞാനും ഏട്ടനും മറ്റ് ആയിരക്കണക്കിന് പേരും കുളിച്ചിട്ട് ഈ നിമിഷം വരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. മുടിക്കോ ദേഹത്തോ ഒരു സ്മെൽ ഉണ്ടായിരുന്നില്ല’, എന്ന് ശ്രീക്കുട്ടി പറയുന്നു.
അവിടെന്ന് കുറച്ച് വെള്ളം എടുത്തു കൊണ്ട് വന്നിരുന്നു. അതിപ്പോൾ നല്ല തെളിഞ്ഞ വെള്ളമായിട്ടുണ്ട്. ഇതൊക്കെ പറയേണ്ടി വന്നതാണെന്നും അത്രയ്ക്ക് മോശം കമന്റുകളാണ് വരുന്നതെന്നും ശ്രീക്കുട്ടി പറയുന്നു. ‘എന്തിനാണ്, എന്തറിഞ്ഞിട്ടാണ് മോശം കമന്റ് ഇടുന്നത്. കോടിക്കണക്കിന് ആളുകളാണ് അവിടെ വന്നത്. പാർട്ടിപരമായാണ് കൂടുതലും കമന്റ്. എനിക്കൊരു പാർട്ടിയുമില്ല. ഞാൻ ദൈവ വിശ്വാസിയാണ്. ഒരു ദൈവമേ ഉള്ളൂ. എല്ലാ ദൈവങ്ങളിലും ഞാൻ വിശ്വസിക്കുന്നുമുണ്ട്. ഇനി അടുത്ത 144 വർഷം കഴിഞ്ഞാലാണ് അടുത്ത മഹാകുംഭ മേള വരുന്നത്. അതിൽ നമ്മുടെ തലമുറയ്ക്ക് പങ്കെടുക്കാനായത് ഭാഗ്യമാണ്. ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ പറ്റിയ അനുഭവം ആണത്’, എന്നും ശ്രീകുട്ടി പറയുന്നു