തിരുവനന്തപുരം: സൂക്ഷ്‌മ-ചെറുകിട വ്യവസായരംഗത്തെ സ്റ്റാർട്ടപ്പുകളിൽ കേരളത്തിന്റെ മുന്നേറ്റം കടലാസിൽ മാത്രം ഒതുങ്ങുന്നതാകരുതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചാണ് പ്രതികരണം.

കേരളത്തിന്റെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെക്കുറിച്ചുള്ള കഥകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതുപോലെ അല്ല എന്നറിഞ്ഞത് ഞെട്ടിക്കുന്നു. കേരള സർക്കാരിന്റെ അവകാശവാദങ്ങൾ ശരിയായ ലക്ഷ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നതുമാത്രമാണ് ഏക ആശ്വാസം. നമുക്ക് സൂക്ഷ്മ-ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആവശ്യമാണ്. അത് കടലാസിൽ മാത്രമാകരുത്. ഇക്കാര്യത്തിൽ കേരളം മുന്നോട്ട് പോകണം’- എന്നാണ് തരൂർ എക്‌സിൽ കുറിച്ചത്.
ഒൻപത് വർഷത്തിനിടെ കേരളത്തിൽ 42,000ത്തിലേറെ സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങൾ അടച്ചു പൂട്ടിയെന്ന പത്രവാർത്ത പങ്കുവച്ചായിരുന്നു തരൂരിന്റെ കുറിപ്പ്.നേരത്തെ കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുള്ള തരൂരിന്റെ ലേഖനം ഏറെ വിവാദമായിരുന്നു. സ്റ്റാർട്ട് അപ്പ് രംഗത്തെ വളർച്ചയും വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമതെത്തിയതും ചൂണ്ടിക്കാട്ടിയുള്ള തരൂരി ന്റെ ‘ചേഞ്ചിംഗ് കേരള; ലംബറിംഗ് ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനമാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്.
സംരംഭക മുന്നേറ്റത്തിനും സുസ്ഥിര വളർച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളു കയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ നേട്ട ങ്ങൾ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നുമായിരുന്നു തരൂരിന്റെ ലേഖനത്തിൽ ഉണ്ടായിരുന്നത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തി. സംസ്ഥാന നേതാക്കൾ അദ്ദേഹത്തിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകി. എഐസിസി സംഘ ടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ശശി തരൂരിനെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗത്തെക്കുറിച്ചുള്ള തരൂരിന്റെ പുതിയ കുറിപ്പ്.