കാമുകി 3 മണിക്കൂർ പ്രസവവേദന അനുഭവിപ്പിച്ചതിനെ തുടര്‍ന്ന്,യുവാവ്‌ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, കേസുമായി കുടുംബം


ലോകത്തിലെ ഏറ്റവും വലിയ വേദനകളിൽ ഒന്നാണ് പ്രസവവേദന എന്ന് പറയാറുണ്ട്. ആർത്തവ സമയത്ത് സ്ത്രീകൾക്കുണ്ടാകുന്ന വയറുവേദന, പ്രസവ വേദന ഇവയൊന്നും മിക്കവാറും പുരുഷന്മാർക്ക് പറഞ്ഞാൽ മനസിലാവാറില്ല. ഈ വേദനകളെ നിസ്സാരമാക്കി കാണുന്ന പുരുഷന്മാരും ഒരുപാടുണ്ട്. എന്നാൽ, ഇന്ന് ഈ വേദനകളെല്ലാം പുരുഷന്മാർക്കും അറിയാൻ അവസരം വേണമെങ്കിൽ ഉണ്ട്. 

അത്തരത്തിലുള്ള സിമുലേഷൻ സെന്ററുകളും പലയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. അതുപോലെ, ചൈനയിൽ താൻ വിവാഹം കഴിക്കാൻ തീരുമാനിച്ച യുവാവിനെ കൊണ്ട് ഒരു യുവതി മൂന്നു മണിക്കൂർ നേരം പ്രസവ വേദന അനുഭവിപ്പിച്ചു. യുവാവിനെ ഇതേത്തുടർന്ന് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 

വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ സ്ത്രീകൾ കടന്നു പോകുന്ന അവസ്ഥയെ കുറിച്ച് യുവാവിന് ധാരണയുണ്ടാകണം എന്ന് യുവതിയുടെ അമ്മയും സഹോദരിയും നിർബന്ധം പിടിച്ചത്രെ. അങ്ങനെയാണ് യുവാവിനെ പ്രസവ വേദന അനുഭവിപ്പിക്കുന്നതിന് വേണ്ടി സിമുലേഷൻ സെന്ററിൽ എത്തിച്ചത്. ഇവിടെ വച്ച് വേദന അറിയിക്കുന്നതിനായി മൂന്ന് മണിക്കൂർ യുവാവിനെ വൈദ്യുതി പ്രവാഹം കടത്തിവിട്ട് വേദനിപ്പിച്ചു.

ഒടുവിൽ സംഭവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവാവിനെ കടുത്ത വേദന അനുഭവപ്പെട്ടു. വയ്യാതായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവിൽ അയാളുടെ ചെറുകുടലിന്റെ ഒരുഭാ​ഗം നീക്കം ചെയ്യേണ്ടി വന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

യുവതി തന്നെ എട്ടാമത്തെ ലെവലിൽ എത്തിയപ്പോഴേക്കും യുവാവ് വേദന സഹിക്കാനാവാതെ നിലവിളിച്ചതിനെ കുറിച്ചെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

എന്തായാലും, യുവതി കാരണം തങ്ങളുടെ മകന്റെ ജീവൻ തന്നെ അപകടത്തിലായി എന്ന് കാണിച്ച് യുവാവിന്റെ വീട്ടുകാർ യുവതിക്കെതിരെ കേസുമായി മുന്നോട്ട് പോകാനിരിക്കയാണത്രെ. യുവതിക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 

ആരാണ് മൂന്നുമണിക്കൂർ നേരമൊക്കെ അത്ര കഠിനമായ വേദന അനുഭവിക്കുക, ഇത്ര നീണ്ടതാണോ പ്രസവ വേദന, ഇതെന്തൊരു ക്രൂരതയാണ്, യുവതിക്കെതിരെ നടപടി വേണം എന്നെല്ലാമാണ് ആളുകൾ പറയുന്നത്. 


Read Previous

ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ റമദാനിൽ 16 ലക്ഷം സീറ്റുകൾ ഉറപ്പാക്കും

Read Next

അർദ്ധനഗ്നരായി ശരീരത്തിൽ ഐസ് കട്ട വെച്ച് പാട്ടും നൃത്തവും; കൊടുംമഞ്ഞില്‍ അപൂർവം ഈ ആചാരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »