
ലക്സംബർഗ്: സ്കൈപ്പ് 22 വർഷത്തെ സേവനം അവസാനിപ്പിക്കുന്നെന്ന് മൈക്രോസോഫ്റ്റ്. ഓൺലൈനിലൂടെ സൗജന്യമായി കോൾ ചെയ്യാനുള്ള ഉപാധിയെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിന് മുൻപ് വരെ നിരവധി ഉപഭോക്താക്കളായിരുന്നു സ്കൈപ്പ് ആശ്രയിച്ചിരുന്നത്. മറ്റ് ആപ്ലിക്കേഷനുകളുടെ കടന്ന് വരവോടെ സ്കൈപ്പിന്റെ യൂസേഴ്സ് വൻതോതിൽ കുറഞ്ഞു. എന്നിരുന്നാലും സ്കൈപ്പ് ലഭ്യമായിരുന്നതിനാൽ ചിലർ തുടർന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നു. പക്ഷെ സ്കൈപ്പിന്റെ പ്രവർത്തനം നിർത്തി മറ്റൊരു പ്ലാറ്റ്ഫോം തുറക്കാനാണ് മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്.
2025 മെയ് അഞ്ച് മുതൽ യൂസേഴ്സിന് സ്കൈപ്പ് ലഭ്യമാകില്ല. സ്കൈപ്പ് യൂസേഴ്സ് ടീംസിലേക്ക് (Teams) മാറണമെന്നാണ് മൈക്രോസോഫ്റ്റ് അഭ്യർത്ഥിക്കുന്നത്. സ്കൈപ്പിലുള്ള ഡാറ്റ അതുപോലെ തന്നെ ടീംസിലേക്ക് മാറ്റാമെന്നും കമ്പനി ഉറപ്പ് നൽകുന്നു. സ്കൈപ്പിൽ ലഭ്യമല്ലാതിരുന്ന നിരവധി ഫീച്ചറുകൾ ടീംസിൽ ഉണ്ടാവുകയും ചെയ്യും.
ഏറ്റവും പഴക്കമുള്ളതും ജനപ്രീതി നേടിയതുമായ വീഡിയോ കോളിങ്, മെസേജിങ് ആപ്ലിക്കേഷനായിരുന്നു സ്കൈപ്പ്. 2003-ലായിരുന്നു സ്കൈപ്പ് അവതരിപ്പിച്ചത്. 2011ൽ സ്കൈപ്പിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. 2017-ൽ മൈക്രോസോഫ്റ്റ് ടീംസ് അവതരിപ്പിച്ചു. വീഡിയോ കോൾ ചെയ്യാനും ബിസിനസ് കമ്യൂണിക്കേഷൻസിനും ഉതകുന്ന പ്ലാറ്റ്ഫോമെന്ന നിലയിൽ ടീംസ് ഹിറ്റായി. ഇതോടെ സ്കൈപ്പിന്റെ പല യൂസേഴ്സും ടീംസിനെ ആശ്രയിക്കാൻ തുടങ്ങി. ഇനി സ്കൈപ്പ് നിർത്തലാക്കി ടീംസിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം.