
എറണാകുളം പുത്തൻവേലിക്കരയിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. 16കാര നായ അമ്പാടിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റേഷൻ കടവ് വിവേക സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അമ്പാടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരൻ്റെ മകനാണ് അമ്പാടി.
കുട്ടിയുടെ അമ്മ അർബുദ രോഗ ബാധിതയായാണ്. അമ്മയുടെ രോഗാവസ്ഥയിൽ അമ്പാടി അസ്വ സ്ഥതനായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇവരുടെ ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് അമ്പാടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ ജീവനൊടുക്കുന്ന മൂന്നാമത്തെ സ്കൂൾ വിദ്യാർഥിയാണ് അമ്പാടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം മരുതംകുഴിയിൽ പരീക്ഷാപേടിയെ തുടർന്ന് പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയിരുന്നു. പിന്നാലെ കോഴിക്കോട് വടകരയിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർഥിയുടെയും മരണവാർത്ത പുറത്തുവന്നിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)