ഹൂസ്റ്റൺ: ബാസ്കറ്റ്ബോൾ താരം ചമഞ്ഞെത്തിയ 32കാരൻ വിഴുങ്ങിയത് കോടികൾ വിലവരുന്ന ആഭരണങ്ങൾ. ഫ്ലോറിഡയിലെ ഓർലാൻഡോയിലെ പ്രമുഖ മാളിലാണ് സംഭവം. ടിഫാനി ആൻഡ് കോ എന്ന പ്രമുഖ ജ്വല്ലറി ഔട്ട്ലെറ്റിൽ എത്തിയ ജേയ്തൻ ഗിൽഡർ എന്ന യുവാവാണ് നിലവിൽ തൊണ്ടിമുതൽ വയറിൽ കുടുങ്ങിയ നിലയിൽ അറസ്റ്റിലായിട്ടുള്ളത്. ചുവന്ന തൊപ്പിയും ചുവന്ന ടീ ഷർട്ടും റിപ്പ്ഡ് ജീൻസും ധരിച്ചാണ് ഇയാൾ ജ്വല്ലറിയിലേക്ക് എത്തിയത്.

ഓർലാൻഡോയിലെ പ്രശസ്തമായ ഓർലാൻഡോ മാജിക് ബാസ്കറ്റ് ബോൾ ടീമിന്റെ പ്രതിനിധിയാണെന്നാണ് ഇയാൾ ജ്വല്ലറിക്കാരോട് വിശദമാക്കിയത്.
ഇതിന് പിന്നാലെ ജ്വല്ലറിയിലെ വിഐപി മുറിയിലേക്ക് ഇയാളെ ജീവനക്കാർ എത്തിച്ചും. രണ്ട് വജ്ര കമ്മലുകളും ഒരു വജ്ര മോതിരവും ഇയാൾ വിശദമായി പരിശോധിക്കാനെടുത്തു. പിന്നാലെ ഇവ എടുത്ത ശേഷം സ്ലെഡിംഗ് ഡോറുകൾ തുറന്ന് രക്ഷപ്പെടാനും ഇയാൾ ശ്രമിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. ഇത് ജ്വല്ലറിയിലെ ജീവനക്കാരുമായി സംഘർഷമുണ്ടാക്കുകയും ജീവനക്കാർക്ക് പരിക്കേൽക്കാനും കാരണമായിട്ടുണ്ട്. പിടിവലിക്കിടെ മോതിരം നിലത്ത് വീഴുകയായിരുന്നു
. ഇയാളുടെ കൈവശം തോക്കുണ്ടോയെന്ന് ഭയന്ന് നിന്ന ജീവനക്കാരെ വെട്ടിച്ച് മാളിലെ മുൻവാതിലിലൂടെ രക്ഷപ്പെട്ട ഇയാളെ പൊലീസാണ് പിടികൂടിയത്.