കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷം: 30,377 ഗാർഹിക തൊഴിലാളികളുടെ കുറവ്..


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ട്. രാജ്യത്തെ വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ (പിഎസിഐ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 30,377 ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യത്ത് കുറഞ്ഞത്.

2023 മധ്യത്തില്‍ കുവൈറ്റിലെ മൊത്തം ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 811,307 ആയിരുന്നു. എന്നാല്‍ 2024 ഡിസംബര്‍ അവസാനത്തോടെ, ഇവരുടെ എണ്ണം 780,930 ആയി കുറഞ്ഞു. ഗാര്‍ഹിക തൊഴില്‍ മേഖലയിലെ ഈ പ്രതിസന്ധിക്ക് നിരവധി കാരണങ്ങളാണ് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഹമദ് അല്‍ അലി ചൂണ്ടിക്കാട്ടുന്നത്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശമാക്കിയത് ഈ കുറവിന് കാരണമായതായി അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് വലിയ ഫീസ് ചുമത്തിയത്, ചില ഏഷ്യന്‍ രാജ്യങ്ങള്‍ കുവൈറ്റിലേക്ക് തൊഴിലാളികളെ അയയ്ക്കാന്‍ വിമുഖത കാണിക്കുന്നതിലേക്ക് നയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വവും മറ്റൊരു കാരണമാണ്.

കൂടാതെ, സമീപ വര്‍ഷങ്ങളില്‍ വീട്ടുജോലിക്കാര്‍ ഉള്‍പ്പെട്ട അക്രമ സംഭവങ്ങള്‍ വലിയ തോതില്‍ റിപ്പോ ര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. വീട്ടിലെ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും എതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍, ചില കുവൈറ്റ് കുടുംബങ്ങള്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം കുറച്ചതായി അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ, ഗള്‍ഫ് മേഖലയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ആവശ്യകത വര്‍ധിച്ചുവരുന്നതായും മത്സരാധിഷ്ഠിത തൊഴില്‍ വിപണി കാരണം നിരവധി തൊഴിലാളികള്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോവാന്‍ മുന്നോട്ടുവരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചില ഏഷ്യന്‍ പൗരന്മാര്‍ക്ക് കുവൈറ്റ് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളാണ് ഈ ഇടിവിന് കാരണമാകുന്ന മറ്റൊരു ഘടകം, ഇത് തൊഴിലാളികളുടെ ലഭ്യതയെ കൂടുതല്‍ പരിമിതപ്പെടുത്തിയി രിക്കുന്നതായും അദ്ദേഹം പറഞ്ഞു. തൊഴില്‍ ശക്തി പുനഃസ്ഥാപിക്കുന്നതില്‍ നിലവിലുള്ള വെല്ലുവിളികള്‍ക്കിടയിലും കുവൈത്തില്‍ ലൈസന്‍സുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളുടെ എണ്ണം ഏകദേശം 450 ആയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Read Previous

ട്രെയിൻ റാഞ്ചൽ: പാകിസ്ഥാൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ അനന്തരഫലം ഗുരുതരമായിരിക്കുമെന്ന് ബലൂച് ലിബറേഷൻ ആർമി, 30 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു; 214 പേരെ ബന്ദികളാക്കി

Read Next

തീർഥാടകരുടെ വൻ തിരക്ക്, സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദ്ദേശങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »