മക്ക: വിശുദ്ധ റമദാൻ മാസം പ്രമാണിച്ച് മക്കയിൽ ഉംറ തീർഥാടകരുടെയും ആരാധകരുടെയും വൻ തിരക്ക്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റമദാനിലെ വാർഷിക ഉംറ സീസണിൽ മക്കയിലെ ഗ്രാൻഡ് പള്ളിയിൽ അവരുടെ കർമ്മങ്ങൾ എളുപ്പത്തിലും സുഖമായും നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഗ്രാൻഡ് പള്ളിയിലേക്കും അതിൻ്റെ മുറ്റങ്ങളിലേക്കും ഏതെങ്കിലും രീതിയിലുള്ള ആയുധങ്ങളോ മൂർച്ചയുള്ള ഉപകരണങ്ങളോ കൊണ്ടുവരരുതെന്നാണ് നിർദ്ദേശങ്ങളിലൊന്ന്. ഏതെങ്കിലും ആവശ്യ ത്തിനായി സംഭാവനകൾ ശേഖരിക്കുക, സെൻട്രൽ ഹറം ഏരിയയിലെ മുറ്റങ്ങളിലേക്കും അതിലേക്ക് നയിക്കുന്ന റോഡുകളിലേക്കും മോട്ടോർ സൈക്കിളുകളും സൈക്കിളുകളും കൊണ്ടുവരുന്നതും വിലക്കിയിട്ടുണ്ട്.
ഗ്രാൻഡ് പള്ളിയിലും അതിൻ്റെ മുറ്റങ്ങളിലും പുകവലി, യാചന, വിൽപ്പന എന്നിവ നടത്തുന്നതും ലഗേജുകളും വ്യക്തിഗത വസ്തുക്കളും കൊണ്ടുപോകുക, അവ ഗ്രാൻഡ് പള്ളിക്കുള്ളിൽ നിന്നോ പുറത്ത് നിന്നോ ജനാലകളിൽ തൂക്കിയിടുക, അവ മുറ്റത്ത് ഉപേക്ഷിക്കുക തുടങ്ങി തവാഫ്, സഅയ്, പ്രാർഥന എന്നിവ നടത്തുമ്പോൾ തീർഥാടകരുടെയും ആരാധകരുടെയും മനസ്സമാധാനത്തെ ബാധിക്കുന്ന ഏതൊരു പ്രവൃത്തിയും മന്ത്രാലയം നിരോധിച്ചു.
പൊതുഗതാഗത ബസുകൾ, ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ, സ്വകാര്യ വാഹനങ്ങൾ, ടാക്സികൾ, ഷട്ടിൽ ബസുകൾ എന്നിവ വഴി ഉംറയ്‌ക്കോ പ്രാർഥനയ്‌ക്കോ വേണ്ടി ഗ്രാൻഡ് പള്ളിയിൽ എത്തിച്ചേരുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. മക്കയ്ക്കകത്തും പുറത്തുമുള്ള പാർക്കിങ് സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നിർദ്ദേശങ്ങളിൽ ഉൾപ്പെടും.
ഉംറ തീർഥാടകർക്കുള്ള ഡിജിറ്റൽ മാർഗ്ഗനിർദ്ദേശങ്ങളിൽ ത്വവാഫിന് (വിശുദ്ധ കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം) ലഭ്യമായ സ്ഥലങ്ങളും അവയിലേക്ക് നയിക്കുന്ന വഴികളും അറിയിക്കുന്ന സന്ദേശങ്ങളും ഉൾപ്പെടും. ഗ്രാൻഡ് മോസ്കിൻ്റെ പ്രവേശന കവാടങ്ങളിലും അതിൻ്റെ മുറ്റങ്ങളിലുടനീളം ദിശാസൂചന അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഉംറയും പ്രാർത്ഥനകളും എളുപ്പത്തിൽ നിർവഹിക്കുമ്പോൾ സന്ദർശകർക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന വിവിധ ടിപ്സുകളും സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്രതമാസമായ റമദാൻ പ്രമാണിച്ച് തീർഥാടകരുടെ വലിയ തിരക്കാണ് മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ പ്രവാചക പള്ളിയിലും അനുഭവപ്പെടുന്നത്.