
വാഷിങ്‌ടണ്‍ : ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നും അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു എന്നും ആരോപിച്ച് കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി. ഇന്ത്യൻ പൗരയും കൊളംബിയ സർവകലാശാലയിലെ അര്‍ബന്‍ പ്ലാനിങ് ഡോക്‌ടറൽ വിദ്യാർഥിനിയുമായ രഞ്ജനി ശ്രീനിവാസനെതിരെയാണ് നടപടിയെടുത്തത്. ഇവര്‍ സ്വയം നടുകടന്നതായി (സെല്‍ഫ് ഡീപോര്‍ട്ട്) അധികൃതര്‍ അറിയിച്ചു.
എഫ് -1 സ്റ്റുഡന്‍റ് വിസയിലാണ് ഇവര്‍ അമേരിക്കയിൽ പ്രവേശിച്ചതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് വെള്ളിയാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഭീകര സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ രഞ്ജനി ശ്രീനിവാസൻ പങ്കാളിയായിരുന്നുവെന്നും ഇതില്‍ റയുന്നുണ്ട്. മാർച്ച് 5 -ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് രഞ്ജനിയുടെ വിസ റദ്ദാക്കിയിരുന്നു. മാർച്ച് 11-ന് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഹോം ആപ്പ് ഉപയോഗിച്ച് രഞ്ജനി നാടുവിടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ‘അമേരിക്കയിൽ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് ഒരു പദവിയാണ്’ എന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പ്രസ്‌താവനയിൽ പറഞ്ഞു.
“നിങ്ങൾ അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുമ്പോൾ, ആ പദവി റദ്ദാക്കണം, നിങ്ങൾ ഈ രാജ്യത്ത് ഉണ്ടാകരുത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ തീവ്രവാദ അനുഭാവികളിൽ ഒരാൾ സെല്‍ഫ് ഡീപോര്‍ട്ട് ചെയ്യുന്നതിനായി സിബിപി ഹോം ആപ്പ് ഉപയോഗിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്”- ക്രിസ്റ്റി നോം പറഞ്ഞു.
അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്നവർക്ക് സ്വയം നാടുവിടുന്നതിനായി മാർച്ച് 10 -നാണ് സിബിപി ഹോം മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പുറത്തിറക്കി യത്. ഇതു ഉപയോഗിച്ച് നാടുവിടുന്നവര്‍ക്ക് നിയമപരമായി തിരികെ വരാനുള്ള അവസരമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അനധികൃതമായി തുടരുകയാണെങ്കില്‍ അവരെ കണ്ടെത്തി പിടികൂടുകയും നാടുകടത്തുകയും ചെയ്യുമെന്നും ഇത്തരം ആളുകള്‍ക്ക് ഒരിക്കലും തിരികെ എത്താനാവില്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിൽ നിന്നുള്ള പലസ്‌തീന്‍ വംശജയായ ലെഖാ കോർഡിയ എന്ന മറ്റൊരു വിദ്യാർഥിനിയെ കാലഹരണപ്പെട്ട F-1 സ്റ്റുഡന്‍റ് വിസയില്‍ രാജ്യത്ത് തങ്ങിയതിന് ICE HSI ന്യൂവാർക്ക് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തിരുന്നു. ഹാജർ കുറവായതിനാൽ 2022 ജനുവരി 26-ന് ഇവരുടെ വിസ അധികൃതര്‍ റദ്ദാക്കുകയായി രുന്നു. മുമ്പ്, 2024 ഏപ്രിലിൽ, ന്യൂയോർക്ക് നഗരത്തിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഹമാസ് അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് കോർഡിയയെ അറസ്റ്റ് ചെയ്‌തതായും വകുപ്പ് പറഞ്ഞു.
അതേസമയം കൊളംബിയ യൂണിവേഴ്‌സിറ്റിക്ക് നൽകിയിരുന്ന ഏകദേശം 400 മില്യൺ യുഎസ് ഡോളറിന്‍റെ ഫെഡറൽ ഗ്രാന്‍റുകളും കരാറുകളും ഉടൻ റദ്ദാക്കുന്നതായി ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. ജൂത വിദ്യാർഥികൾക്കെതിരായ നിരന്തരമായ പീഡനങ്ങൾക്കെതിരെ തുടർച്ചയായി നിഷ്ക്രിയത്വം എന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടത്തിന്‍റെ നടപടി.