അത്താണി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ആൻഡ് ഫോർജിംഗ്സ് ലിമിറ്റഡിന് (എസ്.ഐ.എഫ്.എൽ) ചരിത്രനേട്ടം. ഇന്ത്യൻ നേവിയിൽ നിന്നും 36 കോടി രൂപയുടെ ഓർഡർ ലഭിച്ചു. മത്സരാധിഷ്ഠിത ടെൻഡർ വഴി രാജ്യത്തെ വിവിധ പ്രമുഖ ഫോർജിംഗ് കമ്പനികളുമായി മത്സരിച്ചാണ് നേട്ടം കൊയ്തത്. നാവികസേനയുടെ അന്തർവാഹിനിയിലേക്ക് വേണ്ടിയുള്ള 60 തരത്തിലുള്ള സ്റ്റെയിൻലെസ്സ് സ്റ്റീൽ ഭാഗങ്ങളാണ് 2 വർഷം കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ചു നൽകേണ്ടത്.

നിർമ്മാണ പ്രക്രിയകളിൽ വിവിധ പരിശോധനകൾ നടക്കും. 2023-24 വർഷത്തിൽ 11 കോടി രൂപയുടെ ഓർഡർ ലഭിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു.
വ്യാവസായികത്തിൽ മുന്നിൽ
പ്രതിരോധം, എയ്‌റോ സ്‌പേസ്, ഓയിൽ ആൻഡ് ഗ്യാസ് ഓട്ടോമൊബൈൽ, റെയിൽവേ മേഖലകൾക്കായി ഫോർജിംഗ്‌സ് നിർമ്മിക്കുന്ന രാജ്യത്തെ ഒരു മുൻനിര വ്യാവസായിക കമ്പനി കൂടിയാണ് എസ്.ഐ.എഫ്.എൽ ബഹിരാകാശ രംഗത്തെ അഭിമാനമായ ഐ.എസ്.ആർ.ഒയിലേക്കും ഡി.ആർ.ഡി.ഒ, ബ്രഹ്മോസ് എയ്റോ സ്‌പേസ് ലിമിറ്റഡ്, ഇന്ത്യൻ നേവി, എച്ച്.എ.എൽ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വേണ്ട വിവിധതരം ഫോർജിംഗ്‌സുകൾ തദ്ദേശീയമായി വികസിപ്പിച്ചു നൽകാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 2 വർഷമായി സംസ്ഥാന സർക്കാർ നൽകിയ സാമ്പത്തിക സഹായത്തിൽ 23 കോടി രൂപയുടെ ആധുനികവത്കരണ പദ്ധതി കമ്പനി പൂർത്തീകരിച്ചു.
ദീർഘകാല പുരോഗതി ലക്ഷ്യമിട്ട് ആറ് ടൺ ഓപ്പൺ ഹാമ്മർ ഈ വർഷം കമ്പനിയിൽ സ്ഥാപിച്ചിട്ടുണ്ട്. അടുത്തവർഷം 100 കോടിയും അഞ്ചു വർഷത്തിനകം 200 കോടി രൂപയുമാണ് വിറ്റുവരവ് പ്രതീക്ഷയെന്ന് ചെയർമാൻ അഡ്വ. ഷെറിഫ് മരയ്ക്കാർ, മാനേജിംഗ് ഡയറക്ടർ കമാൻഡർ പി.സുരേഷ് എന്നിവർ അറിയിച്ചു.