പട്ടിണി കാരണം മെയ്‌ദിന പരേഡ് ഉപേക്ഷിച്ച ക്യൂബയിൽ നിന്ന് ആരോഗ്യ മന്ത്രി എന്ത് പഠിച്ചു?; വീണാ ജോർജ് പിണറായി വിജയന് പഠിക്കുകയാണെന്ന് കെ സുധാകരൻ


തിരുവനന്തപുരം: ക്യൂബന്‍ സംഘത്തെ കാണാന്‍ ഡല്‍ഹിക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അത് ആശാവര്‍ക്കര്‍മാരുടെ ചെലവിലാക്കി അപമാനിച്ചത് മന്ത്രിയും പിണറായി വിജയന് പഠിക്കുന്നതു കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലാണ് ഇപ്പോള്‍ ഓര്‍മവരുന്നത് എന്നും സുധാകരന്‍ പരിഹസിച്ചു.

നേരത്തെ നിശ്ചയിച്ചിരുന്ന ഡല്‍ഹി പരിപാടിയാണ് മന്ത്രി പൊടുന്നനവെ ആശാ വര്‍ക്കേഴ്‌സിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഫെബ്രുവരി 10 മുതല്‍ സമരവും തുടര്‍ന്ന് നിരാഹാര സമരവും നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കിയ ശേഷം അവരെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. കേന്ദ്ര മന്ത്രിയെ കാണാന്‍ പോവുകയാണെന്ന് മന്ത്രിയുടെ ഓഫീസാണ് പ്രചരിപ്പിച്ചത്.

അത് നടക്കാതെ വന്നപ്പോള്‍ മീഡയയെ കുറപ്പെടുത്തുന്നു. ഡല്‍ഹിക്ക് പോകുന്നതിന് തൊട്ടുമുമ്പ് നടത്തിയ ചര്‍ച്ചകളും മന്ത്രി പ്രഹസനമാക്കി. അധ്വാനിക്കുന്ന സ്ത്രീ സമൂഹത്തിന്‍റെ പ്രയാസങ്ങള്‍ പോലും മനസിലാക്കാന്‍ കഴിയാത്ത വിധത്തില്‍ മന്ത്രി ആളാകെ മാറിപ്പോയി എന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഈ മന്ത്രി പ്രവര്‍ത്തിക്കുന്നത്. കേരളത്തിന് അപമാനമാണ് ഈ മന്ത്രി. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ കേന്ദ്രവും കണ്ടില്ലെന്ന് നടിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.സമരക്കാരെ പലതവണ സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയോട് തീരുമാനവുമായി വന്നാല്‍ മതിയെന്ന് സമരക്കാര്‍ പറഞ്ഞതില്‍ പിന്നെ അദ്ദേഹത്തെ കണ്ടിട്ടില്ല. കോണ്‍ഗ്രസ് സമരക്കാ രോടൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

പട്ടിണിയും പരിവട്ടവുമായി നട്ടംതിരിയുന്ന ക്യൂബയില്‍ നിന്ന് കേരളത്തിലേക്ക് എന്താണ് വാരിക്കോരി കൊണ്ടുവരുന്നത് എന്ന് മന്ത്രി വ്യക്തമാക്കണം. സാമ്പത്തിക പ്രതിസന്ധിയും ഇന്ധന ക്ഷാമവും അതിരൂ ക്ഷമായതിനെ തുടര്‍ന്ന് മെയ്‌ദിന പരേഡ് പോലും ഉപേക്ഷിച്ച രാജ്യമാണ് ക്യൂബ. തൊഴിലില്ലായ്‌മയും നാണ്യപ്പെരുപ്പവും ഏറ്റവും ഉയര്‍ന്ന നിലയില്‍.

ജനാധിപത്യത്തെ തൂക്കിലേറ്റി ഏകകക്ഷി സമ്പ്രദായത്തില്‍ ഭരിച്ച് കുളമാക്കിയ രാജ്യമാണ് ക്യൂബ. മുഖ്യമന്ത്രിയും മന്ത്രി വീണാ ജോര്‍ജുമൊക്കെ രണ്ട് വര്‍ഷം മുമ്പാണ് ക്യൂബയില്‍ പഠിക്കാന്‍ പോയത്. അതിന്‍റെ തുടര്‍ച്ചയായാണ് ക്യൂബന്‍ ഉപപ്രധാനമന്ത്രി ഉള്‍പ്പെടുന്ന ക്യൂബന്‍ സംഘത്തെ മന്ത്രി കണ്ടത്. പിണറായി വിജയന്‍ ക്യൂബയില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിച്ചു. അത് നടപ്പാക്കിയാണ് കേരളം ക്യൂബ യുടെ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നത് എന്നും കെ സുധാകരന്‍ പരിഹസിച്ചു.


Read Previous

ദേശീയ ഗാനത്തിനിടെ ചിരിച്ച് കളിച്ച് നിതീഷ് കുമാർ; മനോനില ശരിയല്ലെന്ന് പ്രതിപക്ഷം, വ്യാപക വിമർശനം

Read Next

74 മത്സരങ്ങൾ, 65 ദിവസം, 13 നഗരങ്ങൾ, 10 ടീമുകൾ..! ഐപിഎല്ലിന് നാളെ തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »