ദുബായിലെ സർക്കാർ ജീവനക്കാർക്ക് കോളടിച്ചു; 28 കോടി ദിർഹം ബോണസ് പ്രഖ്യാപിച്ച് ശെയ്ഖ് ഹംദാൻ


ദുബായ്: ദുബായ് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സർക്കാർ ജീവനക്കാർക്ക് അദ്ദേഹം വൻ തുക ബോണസ് പ്രഖ്യാപിച്ചത്.

ജീവനക്കാരുടെ ജോലിയിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ 27.7 കോടി ദിർഹമാണ് ബോണസായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും തുക ബോണസ് പ്രഖ്യാപിക്കുന്നത് ദുബായിൽ ആദ്യമാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബോണസ് അംഗീകരിച്ചതായി ശെയ്ഖ് ഹംദാൻ എക്‌സിൽ നൽകിയ പോസ്റ്റിൽ പറഞ്ഞു.

ദുബായ് ജീവനക്കാരുടെ സമർപ്പണവും പ്രതിബദ്ധതയും ദുബായിയുടെ വിജയത്തിന് നിർണായകമാ ണെന്ന് സിവിലിയൻ ജീവനക്കാരുടെ തൊഴിൽ മികവിനെ അഭിനന്ദിച്ചുകൊണ്ട് ശെയ്ഖ് ഹംദാൻ പറഞ്ഞു. ‘നിങ്ങളുടെ പരിശ്രമത്തിലൂടെ ദുബായ് ആഗോളതലത്തിൽ കൂടുതൽ ശക്തമായി ഉയർന്നു വരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.’- അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവൺമെന്റ് മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ ജീവനക്കാർക്ക് പെർഫോമൻസ് ബോണസിന് അർഹതയുണ്ടായിരിക്കും. ഇതിനു മുൻപും സർക്കാർ ജീവനക്കാർക്ക് ദുബായ് ഭരണകൂടം വലിയ തുക ബോണസായി നൽകിയിരുന്നു. 2023 ൽ, സിവിലിയൻ ഗവൺമെന്റ് ജീവനക്കാർക്ക് 15 കോടി ദിർഹമായിരുന്നു ബോണസായി നൽകിയത്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു സർവേയിൽ, യുഎഇ നിവാസികളിൽ ഏകദേശം 75 ശതമാനം പേരും 2025ൽ സർക്കാരിൽനിന്ന് ബോണസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു. സാങ്കേതികവിദ്യ, ബാങ്കിങ്, ആരോഗ്യ സംരക്ഷണം, കൺസൾട്ടൻസി തുടങ്ങിയ ഉയർന്ന വളർച്ചയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് 2024 ൽ ഉയർന്ന നിരക്കിൽ ബോണസുകൾ വാഗ്ദാനം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് 277 മില്യൺ ദിർഹമിന്റെ ബോണസ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ചില തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആറ് മാസത്തെ ശമ്പളം വരെ ബോണസായി ലഭിക്കും.


Read Previous

തിരക്ക് നിയന്ത്രിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി സൗദി; റമദാൻ അവസാന പത്തിൽ ഒരു ഉംറയ്ക്ക് മാത്രം അനുമതി

Read Next

സൗദിയിലെ ട്രാഫിക്: പിഴകളിൽ 50 % ഇളവ് ഏപ്രിൽ 18 വരെ മാത്രം; അടയ്ക്കാത്തവരിൽ നിന്ന് മുഴുവൻ തുകയും ഈടാക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »